സൂപ്പർകപ്പ് കേരളത്തിലേക്കെത്തുന്നു, മൂന്നു വേദികൾ പരിഗണനയിൽ

ഏതാനും വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ടൊരു ടൂർണമെന്റായ സൂപ്പർകപ്പ് ഈ സീസൺ മുതൽ വീണ്ടും ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് എന്നിവയിലെ പ്രധാനപ്പെട്ട ക്ലബുകളാണ് സൂപ്പർകപ്പ് മത്സരങ്ങളിൽ കളിക്കുക. ഇപ്പോൾ അതിന്റെ വേദി കേരളമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിലെ മൂന്നു നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ വെച്ചാണ് പുതിയ രൂപത്തിലുള്ള സൂപ്പർകപ്പ് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ളത്.

ദി ബ്രിഡ്‌ജിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ നടക്കുന്ന കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് സൂപ്പർകപ്പിനു വേണ്ടി പരിഗണിക്കുന്ന ഒരു വേദി. അതിനു പുറമെ മലപ്പുറത്തെ പയ്യനാട് മൈതാനത്തും മത്സരം നടത്താൻ ആലോചിക്കുന്നു. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ഫൈനൽ നടന്നപ്പോൾ ആരാധകർ ഒഴുകിയതാണ് അവിടെ വെച്ച് മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കാരണം. മൂന്നാമത്തെ വേദിയുടെ കാര്യത്തിൽ ആലോചന വന്നിട്ടില്ലെങ്കിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിനാണ് സാധ്യതയുള്ളത്.

കഴിഞ്ഞ വർഷം തന്നെ കേരളം സൂപ്പർലീഗിനു വേദിയാകാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സംസ്ഥാനത്തെ കായികമന്ത്രി അറിയിച്ചതാണ്. ഈ സീസണിൽ ടൂർണമെന്റ് ഫോർമാറ്റിൽ മാറ്റമുണ്ട്. ഇതിനു മുൻപ് ഐഎസ്എൽ, ഐ ലീഗ് എന്നിവയിലെ ആറു ക്ലബുകൾ നേരിട്ട് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ക്വാളിഫയേഴ്‌സും അതിനു ശേഷം നോക്ക്ഔട്ട് ഘട്ടങ്ങളുമായുള്ള മത്സരമാണ് നടത്താൻ ആലോചിക്കുന്നത്. ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് സൂപ്പർകപ്പ് മത്സരങ്ങൾ നടന്നിരിക്കുന്നത്. ആദ്യത്തെ എഡിഷനിൽ ബെംഗളൂരു വിജയം നേടിയപ്പോൾ രണ്ടാമത്തെ തവണ എഫ്‌സി ഗോവയാണ് കിരീടം ഉയർത്തിയത്.

എഎഫ്‌സി ടൂര്ണമെന്റുകൾക്ക് യോഗ്യത നേടണമെങ്കിൽ ഒരു ഇന്ത്യൻ ക്ലബ് 27 മത്സരമെങ്കിലും കളിക്കണമെന്ന നിർബന്ധമുണ്ട്. ഇത് സൂപ്പർകപ്പ് വീണ്ടും നടത്താനുള്ള കാരണമായിട്ടുണ്ട്. ഇതിനു പുറമെ സൂപ്പർകപ്പ് വിജയികൾ എഎഫ്‌സി കപ്പ് പ്ലേ ഓഫിലും കളിക്കും. കേരളത്തിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഇവിടെയുള്ള രണ്ടു ക്ളബുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നിവ സൂപ്പർകപ്പിൽ ഏറ്റുമുട്ടുന്നത് ആവേശകരമായ അനുഭവം തന്നെയാണ് സമ്മാനിക്കുക. ഏപ്രിൽ മാസത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.

You Might Also Like