ഐഎസ്എല്ലിൽ അട്ടിമറികളുടെ കാലമാണ്, ബ്ലാസ്റ്റേഴ്‌സിന് കിരീടപ്രതീക്ഷകൾ അവസാനിപ്പിക്കാറായിട്ടില്ല

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ പകുതിയിൽ മികച്ച പ്രകടനം നടത്തുകയും രണ്ടാമത്തെ പകുതിയിൽ മോശം ഫോമിലേക്ക് വീഴുകയും ചെയ്‌ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രധാന താരങ്ങളുടെ പരിക്കുകൾ അതിനൊരു വലിയ കാരണമായെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ തുടരുകയാണ്. ആരാധകർ ടീമിനെതിരെ പ്രതിഷേധവും നടത്തുന്നുണ്ട്.

അതേസമയം തുടർച്ചയായ തോൽവികൾക്കിടയിലും കിരീടപ്രതീക്ഷകൾ ബ്ലാസ്റ്റേഴ്‌സ് കൈവിടേണ്ട കാര്യമില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗോവയെ അട്ടിമറിച്ചതോടെ തെളിഞ്ഞത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ കൂടിയാണ്. ഇപ്പോഴും ടീമിന്റെ കിരീടപ്രതീക്ഷകൾ സജീവമായി തന്നെ തുടരുന്നുണ്ട്.

പതിനഞ്ചു മത്സരങ്ങൾ കളിച്ച് ഇരുപത്തിയാറു പോയിന്റുമായി ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. അത്രയും മത്സരങ്ങൾ കളിച്ച് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒഡിഷയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും അഞ്ച് മാത്രമാണ്. അതുകൊണ്ടു തന്നെ പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്ന ടീമുകൾക്ക് ഒന്ന് കാലിടറിയാൽ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ടു വരാനുള്ള അവസരമുണ്ട്.

എന്നാൽ അതിനു ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടുകയെന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ ടീമിന്റെ കിരീടപ്രതീക്ഷകൾ ഇല്ലാതാകും. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയം സ്വന്തമാക്കിയാൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്താൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ട്. ഗോവക്കെതിരായ മത്സരം അതിനൊരു തുടക്കമാകട്ടെ എന്ന് പ്രതീക്ഷിക്കാം.

You Might Also Like