ഇവാന്റെ പിന്നാലെ ലൂണയും പുറത്തേക്കോ, യുറുഗ്വായ് താരത്തിനെ റാഞ്ചാൻ വമ്പന്മാർ രംഗത്ത്

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ ക്ലബിൽ ഒരുപാട് മാറ്റങ്ങൾ വരാനുള്ള എല്ലാ സാധ്യതയുമുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിൽക്കുന്ന ഇവാന് കീഴിൽ ഒരു സിസ്റ്റം തന്നെ ബ്ലാസ്റ്റേഴ്‌സ് പടുത്തുയർത്തിയിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളിൽ ടീം പ്ലേ ഓഫിൽ എത്തിയതും അങ്ങിനെ തന്നെയാണ്.

ഇവാൻ പോകുന്നതോടെ ഈ സിസ്റ്റത്തിന്റെ ഭാഗമായ പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. സ്വന്തം താരങ്ങളെ വളരെ മികച്ച രീതിയിൽ പരിഗണിക്കുന്ന അദ്ദേഹത്തിന്റെ അഭാവത്തിൽ ക്ലബിൽ തുടരാൻ പലരും തയ്യാറായേക്കില്ല. ഇവാന് പിന്നാലെ ക്ലബ് വിടാൻ സാധ്യതയുള്ള ഒന്നാമത്തെ താരം അദ്ദേഹത്തിന്റെ സിസ്റ്റത്തിലെ പ്രധാനിയായ ലൂണയാകുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം അഡ്രിയാൻ ലൂണയെ റാഞ്ചാൻ ഐഎസ്എൽ ക്ലബായ എഫ്‌സി ഗോവ ശ്രമം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ലൂണയെ സ്വന്തമാക്കാൻ സാധ്യത കൂടുതലാണെന്ന് അവർ കരുതുന്നു. അതിനു പുറമെ മുംബൈ സിറ്റിയിൽ നിന്നും പെരേര ഡയസിനെയും അവർ നോട്ടമിടുന്നുണ്ട്. ഇവാന്റെ ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ച സഖ്യത്തെ ഒരുമിപ്പിക്കാനാണ് അവരുടെ പദ്ധതി.

ഈ സീസൺ അവസാനിക്കുന്നതോടെ അഡ്രിയാൻ ലൂണയുടെ ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാൻ പോവുകയാണ്. അത് പുതുക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണമില്ല. ഇവാൻ പോയതോടെ ക്ലബ് വിടാനാണ് ലൂണയുടെ തീരുമാനമെങ്കിൽ അദ്ദേഹം ഗോവയുടെ ഓഫർ സ്വീകരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന കാര്യത്തിലും സംശയമില്ല.

You Might Also Like