തുടർച്ചയായ തോൽവികളുടെ നിരാശകൾക്കിടയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സന്തോഷവാർത്ത

സീസണിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിച്ചതൊന്നും നടക്കില്ലെന്ന് സീസണിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ വ്യക്തമായിട്ടുണ്ട്. കിരീടപ്രതീക്ഷ സജീവമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഏറ്റവും മോശം ഫോമിലാണെന്ന് മാത്രമല്ല, ഇതുപോലെ മുന്നോട്ടു പോയാൽ പ്ലേ ഓഫിലെത്തുന്ന കാര്യം പോലും സംശയത്തിലാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം തുടരുന്നതിനിടയിൽ ആരാധകർക്കൊരു സന്തോഷവാർത്ത എത്തിയിട്ടുണ്ട്. ടീമിലെ വിദേശതാരമായ മിലോസ് ഡ്രിൻസിച്ചിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിലാണ് മോണ്ടിനെഗ്രോ പ്രതിരോധതാരം ടീമിലേക്ക് വരുന്നത്.

ഈ സീസണിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ പ്രതിരോധ നിരയിൽ കളിച്ചിട്ടും രണ്ടു ഗോളുകളും നേടാൻ ഡ്രിൻസിച്ചിനു കഴിഞ്ഞു. താരവും ലെസ്‌കോവിച്ചും ചേർന്ന പ്രതിരോധം മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും ചില താരങ്ങൾക്ക് പരിക്കേറ്റു പുറത്തു പോയതോടെയാണ് ടീമിന്റെയും അവരുടെയും ഫോമിൽ ഇടിവ് സംഭവിച്ചത്.

എന്തായാലും നേരത്തെ തന്നെ താരവുമായി കരാർ പുതുക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം അഭിനന്ദനം അർഹിക്കുന്നു. ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ഡ്രിൻസിച്ച് ഇന്ത്യയിലെ സാഹചര്യവുമായി പൊരുത്തപ്പെട്ടതിനാൽ ഒരുപാട് കാലം ടീമിനൊപ്പം തുടരാൻ കഴിയും. നേരത്തെ കരാർ പുതുക്കിയാൽ മറ്റു ക്ലബുകൾ താരത്തെ റാഞ്ചുന്നത് തടയാനും കഴിയും.

You Might Also Like