മലയാളി സൂപ്പര്‍ താരത്തിന് മൂന്ന് വര്‍ഷത്തെ കരാര്‍, പ്രഖ്യാപനവുമായി ബ്ലാസ്‌റ്റേഴ്‌സ്
സെന്റര്‍ ബാക്ക് അബ്ദുള്‍ ഹക്കു കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. കേരളത്തില്‍ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാര്‍ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്.
മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെഡിയോടത്ത് തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിലും, സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. ആറടി ഉയരമുള്ള പ്രതിരോധ താരമായ ഹക്കുവിന്റെ പ്രതിരോധ ചുമതലകളില്‍ ഏര്‍പ്പെടുമ്പോഴുള്ള വേഗതയും, ഉയര്‍ന്ന പന്തുകള്‍ തടയുന്നതിനുള്ള സവിശേഷമായ കഴിവും മൈതാനത്ത് മതിപ്പുളവാക്കിയിട്ടുണ്ട്.
✍️ three more years of @NediyodethHakku 😄
After a breakthrough performance last season, the young center back from Malappuram extends his stay with the club 🙌#YennumKerala #YennumYellow pic.twitter.com/vHQb1ny1jK
— Kerala Blasters FC (@KeralaBlasters) July 29, 2020
2017ല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയിലൂടെ ഐഎസ്എല്ലില്‍ രംഗ പ്രവേശം ചെയ്തുകൊണ്ട് ഹക്കു ആദ്യമായി പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ലോകത്ത് എത്തപ്പെട്ടു. തുടര്‍ന്ന് അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഭാഗമായി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ (201920) ഹക്കുവിന് വലിയ അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്‍ ലഭിച്ചത്. ടീമിനായി തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചു. ഹക്കുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നത്, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഈ സ്റ്റോപ്പര്‍ ബാക്കിന്റെ ഫലപ്രദമായ ടാക്ക്‌ലിംഗ് കഴിവുകളില്‍ എത്രത്തോളം വിശ്വാസമര്‍പ്പിക്കുന്നു എന്നതിന് തെളിവാണ്.
”ഞാന്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രാദേശിക കളിക്കാരനായതിനാല്‍, ബ്ലാസ്റ്റേഴ്‌സ് എന്റെ കുടുംബമാണ്, എല്ലായ്‌പ്പോഴും എന്റെ സ്വന്തം! ക്ലബ് എന്നില്‍ വിശ്വാസം പ്രകടിപ്പിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഒപ്പം മുന്നോട്ട് പോകുവാന്‍ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. നമുക്ക് നിരവധി ട്രോഫികള്‍ ഒരുമിച്ച് നേടാനും, ടീമിലെ പന്ത്രണ്ടാമനും, ക്ലബിന്റെ ഹൃദയത്തുടിപ്പുമായ ആരാധകരോടൊപ്പം സന്തോഷിക്കാനുമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതാണ് എന്റെ വീട്, ഞാന്‍ ഇവിടെതന്നെയുണ്ടാകും!” കരാര്‍ വിപുലീകരണത്തെക്കുറിച്ച് അബ്ദുല്‍ ഹക്കു പറഞ്ഞു.
”ക്ലബിന്റെ പ്രതിരോധ നിരയില്‍ മുഖ്യസ്ഥാനം കൈകാര്യം ചെയ്യുവാന്‍ അബ്ദുള്‍ ഹക്കുവിന് കഴിവുണ്ട്. അദ്ദേഹത്തിന്റെ കഴിവുകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. കളിക്കാരന്റെ ശക്തമായ ഇച്ഛാശക്തി, കഠിനാധ്വാനം, അര്‍പ്പണബോധം എന്നിവയോടൊപ്പം ഞങ്ങളുടെ പുതിയ ഹെഡ് കോച്ചിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, അദ്ദേഹം സംസ്ഥാനത്തെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായി വളരുകയും പരിണമിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നിന്നുള്ള ഒരു ഫുട്‌ബോളറായതിനാല്‍ ഞങ്ങളുടെ ആരാധകരുടെ നിരന്തരമായ സ്‌നേഹവും പിന്തുണയും അദ്ദേഹത്തിന് ലഭിക്കുമെന്നും അത് അദ്ദേഹത്തെ പ്രചോദിപ്പിക്കാന്‍ സഹായിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ കരാര്‍ വിപുലീകാരണത്തെപ്പറ്റി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വ്യക്തമാക്കി.’