ക്വാർട്ടുവക്കൊത്ത പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്, ട്രാൻസ്‌ഫർ പ്രഖ്യാപിച്ചു

സീസൺ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പരിക്കേറ്റു പുറത്തായ ബെൽജിയൻ ഗോൾകീപ്പർ തിബോ ക്വാർട്ടുവക്ക് പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. ചെൽസിയുടെ സ്‌പാനിഷ്‌ ഗോൾകീപ്പറായ കെപ്പ അരിസബലാഗയെയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. താരത്തെ ലോണിൽ ടീമിലെത്തിച്ച വിവരം റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ക്വാർട്ടുവക്ക് പരിക്കേറ്റത്. അതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ താരത്തിന് ഏപ്രിൽ വരെ പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകൾ. റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബെൽജിയൻ താരമെന്നിരിക്കെയാണ് അതിനൊത്ത ഒരു പകരക്കാരനെ കണ്ടെത്താൻ ക്ലബ് ശ്രമം നടത്തിയത്.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ക്ലബിൽ നിന്നും 2018ൽ റെക്കോർഡ് ട്രാൻസ്‌ഫറിലാണ് കേപ്പ ചെൽസിയിലേക്ക് ചേക്കേറിയത്. എന്നാൽ തന്റെ മൂല്യത്തിന് അനുസരിച്ചുള്ള പ്രകടനം ചെൽസിയിൽ നടത്താൻ താരത്തിന് കഴിഞ്ഞില്ല. താരത്തിന്റെ മോശം പ്രകടനം കാരണം സ്വന്തമാക്കിയ മെൻഡി പിന്നീട് ടീമിലെ പ്രധാന ഗോൾകീപ്പറായി ഉയർന്നു വരികയും ചെയ്‌തിരുന്നു. എന്നാൽ ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നേട്ടങ്ങൾ കെപ്പ സ്വന്തമാക്കിയിട്ടുണ്ട്.

സ്പൈനിലേക്ക് തിരിച്ചുവരുന്നത് കെപ്പയെ സംബന്ധിച്ച് കരിയറിൽ വീണ്ടും ഉയർച്ചയുണ്ടാക്കാനുള്ള അവസരം കൂടിയാണ്. റയൽ മാഡ്രിഡിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ താരത്തിനത് ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത വർഷം യൂറോ കപ്പ് നടക്കാനിരിക്കെ സ്പെയിൻ ദേശീയ ടീമിലെ പ്രധാന കീപ്പറായി മാറാനും കെപ്പയെ ഈ നീക്കം സഹായിക്കും.

You Might Also Like