ഒടുവില്‍ കോഹ്ലിയെ തള്ളി കെയ്ന്‍ വില്യംസണ്‍, അത് തോറ്റവന്റെ സങ്കടം മാത്രം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒരൊറ്റ മത്സരം മാത്രമായി നിശ്ചയിച്ചതിനെതിരെ രംഗത്ത് വന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ തള്ളി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഒറ്റ മത്സരത്തിലൂടെ വിജയിയെ കണ്ടെത്തുന്നതില്‍ ഒരു പ്രത്യേക മനോഹാരിതയുണ്ടെന്നും പരമ്പരയുടെ ഷെഡ്യൂളിംഗ് നിശ്ചയിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്നുമാണ് വില്യംസണ്‍ പറയുന്നത്.

‘ഇത്തരം ഫൈനലിന്റെ ആകര്‍ഷണം എന്താണെന്ന് വെച്ചാല്‍ ഈ മത്സരത്തില്‍ എന്ത് വേണമെങ്കിലും സംഭവിക്കാം എന്നതാണ്. മറ്റേത് ഫോര്‍മാറ്റിലും ഫൈനല്‍ എന്നത് ഒറ്റ മത്സരമാണ്. അത് തന്നെയാണ് ഇതിന്റെ മനോഹാരികതയും. അത് മാത്രമല്ല ഷെഡ്യൂളിംഗും വളരെ പ്രയാസമുള്ള കാര്യമാണ്’ വില്യംസണ്‍ പറഞ്ഞു.

ഒരൊറ്റ മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ പറഞ്ഞത്. ‘ഒരൊറ്റ മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല. സത്യസന്ധമായി പറഞ്ഞാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്ള ഫൈനല്‍ ആയിരുന്നേനെ നടത്തേണ്ടിയിരുന്നത്. അതാണ് ശരിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ കോഹ്ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. രണ്ട് ദിവസം മഴ പൂര്‍ണായും നഷ്ടപ്പെടുത്തിയ ഫൈനലിന്റെ റിസര്‍വ് ദിനത്തിലാണ് കിവീസ് ജയം നേടിയെടുത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 139 എന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ഡ് മറികടന്നു.

You Might Also Like