അർജന്റീനയുടെ പ്രതിരോധഭടൻ ക്ലബ് വിട്ടേക്കും, ഓഫറുമായി വമ്പൻ ക്ലബ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി അർജന്റീന പ്രതിരോധനിരയിലെ പ്രധാനപ്പെട്ട സാന്നിധ്യമാണ് ക്രിസ്റ്റ്യൻ റോമെറോ. അറ്റലാന്റയിൽ കളിക്കുന്ന സമയത്ത് സീരി എയിലെ ഏറ്റവും മികച്ച പ്രതിരോധതാരമായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അർജന്റീന ടീമിൽ സ്ഥിരമായി ഇടം നേടിയ താരം വന്നതിനു ശേഷമാണ് ദേശീയ ടീമിന്റെ പ്രതിരോധം ശക്തിപ്പെട്ടതെന്ന് ലയണൽ മെസി തന്നെ പറഞ്ഞിട്ടുണ്ട്.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിലാണ് ക്രിസ്റ്റ്യൻ റോമെറോ കളിക്കുന്നത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ താരം ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ മുൻ ക്ലബായ യുവന്റസാണ് ക്രിസ്റ്റ്യൻ റൊമേറോക്ക് വേണ്ടി ശ്രമം നടത്തുന്നത്.

ഇറ്റാലിയൻ ലീഗിൽ തങ്ങളുടെ ആധിപത്യം യുവന്റസിന് നഷ്‌ടമായിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ സീസണിൽ ടോപ് ഫോറിൽ ഉണ്ടായിരുന്നെങ്കിലും പോയിന്റ് വെട്ടിക്കുറച്ചതിനെ തുടർന്ന് യുവന്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലുമില്ല. ഇന്റർ മിലാൻ ഉൾപ്പെടെയുള്ള ക്ലബുകൾ പ്രബലരായി മാറുന്ന സമയത്ത് തങ്ങളുടെ ആധിപത്യം തിരിച്ചു കൊണ്ടുവരികയെന്ന ലക്ഷ്യമാണ് യുവന്റസിന് മുന്നിലുള്ളത്.

നേരത്തെ യുവന്റസിന്റെ താരമായിരുന്നു ക്രിസ്റ്റ്യൻ റോമെറോ. എന്നാൽ കില്ലിനി, ബൊനൂച്ചി തുടങ്ങിയ താരങ്ങളുണ്ടായിരുന്ന യുവന്റസിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ അറ്റ്ലാന്റയിലേക്ക് ലോണിൽ പോയ താരത്തെ പിന്നീടവർ സ്ഥിരം കരാറിൽ സ്വന്തമാക്കി. അതിനു ശേഷമാണ് താരം ടോട്ടനത്തിൽ എത്തുന്നത്. ഇറ്റാലിയൻ ലീഗിലെ പരിചയസമ്പത്ത് താരത്തിന് ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.

You Might Also Like