ജോസേട്ടാ, നിങ്ങളെ എങ്ങനെ സ്‌നേഹിക്കാതിരിക്കും, കിംഗ് ഖാന്‍ പോലും എഴുന്നേറ്റ് നിന്നാണ് കെയ്യടിച്ചത്

സന്ദീപ് ദാസ്

രാജസ്ഥാന്‍ റോയല്‍സിന്റെ വിജയറണ്‍ ജോസ് ബട്‌ലര്‍ നേടുമ്പോള്‍ എതിര്‍ടീമിന്റെ ഉടമയായ ഷാറൂഖ് ഖാന്‍ എഴുന്നേറ്റുനിന്ന് കൈയ്യടിക്കുകയായിരുന്നു. കൊല്‍ക്കത്ത ടീമിനെ വളരെ വൈകാരികമായി പിന്തുണയ്ക്കുന്ന ഒരാളാണ് കിങ്ങ് ഖാന്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

പക്ഷേ ബട്‌ലര്‍ക്ക് വേണ്ടി കൈയ്യടിക്കാന്‍ ഷാറൂഖിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല! അത്രയുമായിരുന്നു ആ ഇന്നിങ്‌സിന്റെ മഹത്വം! പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുന്ന സമയത്ത് കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ കരച്ചിലിന്റെ വക്കിലായിരുന്നു. ബട്‌ലര്‍ ഏല്‍പ്പിച്ച മുറിവിന്റെ ആഴം അയ്യരുടെ മുഖത്തുണ്ടായിരുന്നു!

അയ്യര്‍ പറഞ്ഞു- ”ഈ തോല്‍വി ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് അല്‍പ്പം സമയം വേണ്ടിവരും…!”

ഈഡന്‍ ഗാര്‍ഡന്‍സില്‍ ജോസ് ബട്‌ലര്‍ തനിച്ചായിരുന്നു. 224 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ബട്‌ലറുടെ വലംകൈ റോവ്മാന്‍ പവല്‍ ആയിരുന്നു. ആ വലതുകരം സുനില്‍ നരെയ്ന്‍ വെട്ടിക്കളഞ്ഞിരുന്നു. ഒറ്റക്കൈ കൊണ്ട് പട നയിക്കേണ്ട അവസ്ഥ ബട്‌ലറിന് വന്നുചേര്‍ന്നു. അപ്പുറത്തുണ്ടായിരുന്നത് ആവേശ് ഖാനായിരുന്നു. നേടാമായിരുന്ന സിംഗിളുകള്‍ പോലും ബട്‌ലറിന് നിഷേധിക്കേണ്ടിവന്നു.

ബട്‌ലറിന് ഫിറ്റ്‌നെസ്സ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പരിക്കില്‍നിന്ന് മോചിതനായി തിരിച്ചെത്തിയ ആളായിരുന്നു ബട്‌ലര്‍. ഓടുമ്പോള്‍ അയാള്‍ മുടന്തുന്നുണ്ടായിരുന്നു. ഹര്‍ഷ ഭോഗ്ലെ പറഞ്ഞു- ”ബട്‌ലറിന്റെ മനസ്സ് മാത്രമേ മൈതാനത്തില്‍ ഉള്ളൂ. ശരീരം അയാളുടെ വരുതിയില്‍ ഇല്ല…!”

ആ അവസ്ഥയില്‍ ആയിരുന്ന ബട്‌ലര്‍ വിഡിയോ ഗെയിം കളിക്കുന്ന ലാഘവത്തില്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടുകയായിരുന്നു! അവസാന ഓവറില്‍ കുറേ ഡോട്ട്‌ബോളുകള്‍ വന്നപ്പോഴും ബട്‌ലര്‍ മനഃസ്സാന്നിദ്ധ്യം കൈവിട്ടില്ല. തന്റെ സെഞ്ച്വറി ബട്‌ലര്‍ ആഘോഷിച്ചിരുന്നില്ല. ഒരു ചെറിയ അഭിവാദ്യം പോലും അയാളില്‍നിന്ന് ഉണ്ടായില്ല. കാരണം രാജസ്ഥാന്‍ അപ്പോള്‍ വിജയിച്ചിരുന്നില്ല.

ഏതാനും മിനിറ്റുകള്‍ക്കകം ചരിത്രം പിറന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് രാജസ്ഥാന്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ബട്‌ലര്‍ മതിമറന്ന് ആനന്ദിച്ചു. ഇയാളെ എങ്ങനെ സ്‌നേഹിക്കാതിരിക്കും?

 

You Might Also Like