ടീമിലെ തന്റെ റോളിനെ കുറിച്ച് ഹാര്‍ദ്ദിക്കിനെ ഓര്‍മ്മിപ്പിച്ച് ഭുംറ

മുംബൈയ്ക്കായി പവര്‍പ്ലേയില്‍ പന്തെറിയാന്‍ ആഗ്രഹം തുറന്ന് പ്രകടിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രിത് ഭുംറ. മുംബൈയ്ക്കായി തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും പലപ്പോഴും ഭുംറ ആഗ്രഹിക്കുന്ന രീതിയില്‍ പന്തെറിയാന്‍ അനുവാദം ലഭിക്കാറില്ല. പുതിയ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ കൂടുതലും മധ്യഓവറുകളിലാണ് ഭുംറയെ ഉപയോഗിക്കാറ്.

ഇതോടെ ടീമില്‍ തന്റെ റോള്‍ എന്തായിരിക്കണമെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ ഭുംറ ചെയ്തതെന്ന വാദമാണ് ഉയരുന്നത്.

പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഒന്‍പത് റണ്‍സിന് ജയിച്ച മത്സരത്തിലെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു ഭുംറയുടെ പ്രതികരണം. മത്സരത്തില്‍ നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഭുംറ മൂന്ന് വിക്കറ്റ് നേടിയിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ബുംറയായിരുന്നു.

മുംബൈ ടീമില്‍ നിലവില്‍ ഭുംറയെ പവര്‍പ്ലേ ഓവറുകളില്‍ ആ നിലയില്‍ ഹാര്‍ദ്ദിക് ഉപയോഗിക്കുന്നില്ല. പവര്‍പ്ലേ ഓവറുകളില്‍ ഭുംറയെക്കാള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ജെറാള്‍ഡ് കൊറ്റ്‌സി, ആകാശ് മധ്വാള്‍ എന്നിവരെയാണ് മുംബൈ കൂടുതല്‍ ഉപയോഗിച്ചത്. പഞ്ചാബിനെതിരായ കഴിഞ്ഞ കളിയില്‍ രണ്ടാമത്തെയും നാലാമത്തെയും ഓവറില്‍ ബൗള്‍ ചെയ്യാന്‍ ഭുംറയ്ക്ക് അവസരം ലഭിച്ചിരുന്നു.

പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ മുന്‍നിരയിലെ രണ്ട് വിക്കറ്റ് തുടക്കത്തില്‍ തന്നെ ബുംറെ സ്വന്തമാക്കിയിരുന്നു. പിന്നീട് ശശാങ്ക് സിങ്ങും അശുതോഷ് ശര്‍മ്മയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി പഞ്ചാബിനെ വിജയവഴിയിലേയ്ക്ക് നയിക്കുമ്പോള്‍ ശശാങ്ക് സിങ്ങിനെ മടക്കി ഭുംറെയാണ് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

 

You Might Also Like