ഭുംറ ടീം വിടാനുളള കാരണം പുറത്ത്, ധോണി ചെയ്ത ത്യാഗമോര്‍ത്ത് ക്രിക്കറ്റ് ലോകം

ഏഷ്യാ കപ്പില്‍ നേപ്പാളുമായുള്ള നിര്‍ണായക മല്‍സരത്തിനു മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ജസ്പ്രിത് ഭുംറ വിട്ടുനിന്നത് ഏറെ ഊഹാപോഹങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഭുംറയ്ക്ക് വീണ്ടും പരിക്കേറ്റോ എന്നതായിരുന്നു പ്രധാന ആശങ്ക.

എന്നാല്‍ ഇപ്പോഴിതാ ഭുംറ ടീമില്‍ നിന്ന് വിട്ടുനില്‍ക്കാനുളള കാരണം പുറത്ത് വന്നിരിക്കുകയാണ്. ഭാര്യയും പ്രശസ്ത ആങ്കറുമായ സഞ്ജന ഗണേശന്റെ ആദ്യത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് ഭുംറ മുംബൈയിലേക്കു തിരികെ പോയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

സൂപ്പര്‍ ഫോറിലേക്കു ഇന്ത്യ യോഗ്യത നേടിയാല്‍ ഭുംറ തിരിച്ചെത്തുമത്രെ. ഇതോടെ ഉടന്‍ തന്നെ ഭുംറയ്ക്ക് തിരിച്ച് ലങ്കയിലേക്ക് വിമാനം കയറേണ്ടി വരും.

ബദ്ധവൈരികളായ പാകിസ്താനുമായുള്ള ആദ്യത്തെ ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടതിനാല്‍ നേപ്പാളിനെതിരായ മത്സരം ഇന്ത്യയ്ക്ക് ജയിക്കേണ്ടത് അനിവാര്യമാണ്. മത്സരം മഴ കാരണം കളി ഉപേക്ഷിക്കപ്പെട്ടാലും ഇന്ത്യ സൂപ്പര്‍ ഫോറിലെത്തും. പക്ഷെ കളിയില്‍ നേപ്പാള്‍ അട്ടിമറി ജയം കുറിക്കുകയാണെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും.

അതെസമയം പരിക്കു കാരണം 11 മാസത്തോളം പുറത്തിരുന്ന ശേഷമാണ് കഴിഞ്ഞ മാസത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലൂടെയായിരുന്നു ഭുംറ കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകളെടുത്ത ബുംറ പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തു. ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ആദ്യ കളിയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു പാകിസ്താന്റെ ഇന്നിങ്സ് ഒരോവര്‍ പോലും നടക്കാതെ പോയതിനാല്‍ ഭുംറയ്ക്കു ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല.

ബുംറയുടെ അഭാവത്തില്‍ പരിചയ സമ്പന്നനായ മറ്റൊരു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കും നേപ്പാളുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിലെത്തുകയെന്നാണ് വിവരം.

അതിനിടെ ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ദേശീയ ടീം വിട്ട ഭുംറയ്ക്കെതിരേ സോഷ്യല്‍ മീഡിയില്‍ ഒരു വിഭാഗം ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. ദേശിയ ടീമിനേക്കാള്‍ വലുതല്ല കുടുബമെന്നും അതുകൊണ്ടു തന്നെ അദ്ദേഹം നേപ്പാളുമായുള്ള നിര്‍ണായകമായ മല്‍സരത്തില്‍ കളിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ഇക്കാര്യത്തില്‍ മാതൃകയാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

2015ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനിടെയായിരുന്നു ധോണിയുടെ ഭാര്യ സാക്ഷിയുടെ പ്രസവം. പക്ഷെ മകള്‍ സിവയെ കാണാന്‍ നാട്ടിലേക്കു പോവാതെ ധോണി ദേശീയ ടീമിനൊപ്പം തുടരുകയായിരുന്നു. താന്‍ ദേശീയ ടീമിനോടൊപ്പം ഡ്യൂട്ടിയിലാണെന്നും സ്വന്തം ടീമിനെ മധ്യത്തില്‍ ഉപക്ഷിക്കില്ലെന്നുമായിരുന്നു അന്നു ധോണി പറഞ്ഞത്.

അതെസമയം കോഹ്ലിയുടെ മാതൃകയാണ് ഭുംറ സ്വീകരിച്ചത്. 2018-19ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു കോലിയുടെ ഭാര്യയും പ്രമുഖ ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ ആദ്യത്തെ കുഞ്ഞിനു ജന്‍മം നല്‍കിയത്. ഈ സമയത്തു കോലിക്കു കീഴില്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കളിക്കുകയായിരുന്നു. കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം ആദ്യ ടെസ്റ്റില്‍ ഓസീസിനോടു നാണംകെട്ട തോല്‍വിയുമേറ്റു വാങ്ങി. ഈ ടെസ്റ്റിനു പിന്നാലെ ബാക്കിയുള്ള മല്‍സരങ്ങളില്‍ നിന്നും പിന്മാറിയ കോഹ്ലി ഭാര്യയെ കാണാന്‍ ടീം വിട്ട് നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

You Might Also Like