കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നിൽ സെമി കളിക്കണം, പ്ലേഓഫിൽ പോരാടുമെന്ന് ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. ഏപ്രിൽ 19നു നടക്കുന്ന മത്സരത്തിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയാണ് എതിരാളികൾ. ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് ഇതുവരെ കളിച്ച ഒരു മത്സരത്തിൽ പോലും വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്.

എന്നാൽ കലിംഗ സ്റ്റേഡിയത്തിലെ മോശം റെക്കോർഡൊന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കണക്കിലെടുക്കുന്നില്ല. പ്ലേ ഓഫ് മത്സരം വിജയിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് മുന്നേറുന്നതും കൊച്ചിയിൽ വെച്ച് സെമി ഫൈനൽ കളിക്കുന്നതുമാണ് ഇവാനാശാൻ ചിന്തിക്കുന്നത്. അതിനായി ഏറ്റവും ശക്തമായ രീതിയിൽ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സെമി ഫൈനലിലേക്ക് മുന്നേറി കൊച്ചിയിലെ ആരാധകരുടെ മുന്നിൽ വെച്ച് കളിക്കാനും കഴിഞ്ഞാൽ അതൊരു ആവേശകരമായ അനുഭവമായിരിക്കും. ഇതൊരു ബുദ്ധിമുട്ടേറിയ സീസണായിരുന്നു. പരിക്കും സസ്‌പെൻഷനും കാരണം നിരവധി താരങ്ങളെ ഞങ്ങൾക്ക് നഷ്‌ടമായി. മികച്ച കുതിപ്പിനിടയിലാണ് അത് സംഭവിച്ചത്. ഞങ്ങൾ ഏറ്റവും മികച്ചത് ചെയ്യും.” ഇവാൻ പറഞ്ഞു.

ഒഡിഷ എഫ്‌സിയോടുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചാലും സെമി ഫൈനൽ അതിനേക്കാൾ കടുപ്പമേറിയ മത്സരമായി മാറുമെന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസം ഷീൽഡ് വിജയിച്ച മോഹൻ ബഗാനാണ് സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളായി ഉണ്ടാവുക. അതുകൊണ്ടു തന്നെ ഫൈനലിലേക്ക് മുന്നേറാമെന്ന ടീമിന്റെ പ്രതീക്ഷകൾ കുറവാണ്.

You Might Also Like