ഇന്ത്യൻ താരങ്ങൾ വളർന്നു വരാൻ സൂപ്പർകപ്പിന്റെ ഫോർമാറ്റ് മാറ്റണം, നിർദ്ദേശവുമായി ഇവാൻ വുകോമനോവിച്ച്

സൂപ്പർ കപ്പ് ടൂർണമെന്റ് ഐഎസ്എൽ സീസണിന്റെ ഇടയിൽ നടത്തുന്നതിനെതിരെ ശക്തമായ വിമർശനം നടത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ ദിവസം ഗോവക്കെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. സൂപ്പർ കപ്പ് ടൂർണമെന്റ് സീസണിന്റെ ഇടയിൽ നടത്തുന്നത് ടീമുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഇവാൻ നിരീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ ടീമിന് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഇല്ലാത്തതിനാൽ എട്ടു മണിക്കൂറോളം യാത്ര ചെയ്യേണ്ടി വന്നുവെന്ന് ഇവാൻ പറയുന്നു. അതുപോലെ ഈ സീസണിലെ മത്സരങ്ങൾക്കായി പോകാൻ തയ്യാറെടുക്കുന്ന സമയത്താണ് പരിശീലനസൗകര്യം ലഭ്യമായ താമസം ഇല്ലെന്ന് അറിയിപ്പ് ലഭിക്കുന്നതെന്നും ഇതെല്ലാം കൃത്യമായ സംഘാടനം ഇല്ലാത്തതിന്റെ കുഴപ്പമാണെന്നാണ് ഇവാൻ വ്യക്തമാക്കുന്നത്.

അതിനു പുറമെ വിദേശതാരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലുള്ള പോരായ്‌മയും ഇവാൻ ചൂണ്ടിക്കാട്ടുന്നു. പല കുറവുകളേയും മറക്കാനാണ് ആറു വിദേശതാരങ്ങളെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാമെന്ന നിയമം കൊണ്ടു വന്നതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ പല ടീമുകൾക്കും ആ സമയത്ത് ആറു വിദേശതാരങ്ങൾ ഇല്ലാത്ത സാഹചര്യമാണുള്ളതെന്നും പരിശീലകൻ പറയുന്നു.

ആറു വിദേശതാരങ്ങൾക്ക് പകരം മൂന്നു വിദേശതാരങ്ങളെയും മൂന്ന് അണ്ടർ 23 താരങ്ങളെയും പങ്കെടുപ്പിച്ച് ടൂർണമെന്റ് നടത്തിയാൽ ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക് അത് ഗുണം ചെയ്യുമെന്നാണ് ഇവാൻ പറയുന്നത്. അതിനു പുറമെ തുടർച്ചയായ ദിവസങ്ങളിൽ ടൂർണമെന്റ് നടത്തുന്നതിന് പകരം ഐഎസ്എല്ലിന്റെ ഇടയിലുള്ള ദിവസങ്ങളിൽ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടത്തുന്നത് പോലെ സൂപ്പർകപ്പ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

You Might Also Like