ദിമിത്രിയോസിന്റെ പരിക്ക് ഇവാന്റെ മറ്റൊരു തന്ത്രമോ, ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈൻഡ് ഗെയിം പുറത്തെടുക്കുന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരം കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി നൽകിയാണ് ടീമിന്റെ സ്‌ട്രൈക്കറായ ദിമിത്രിയോസ് പരിക്കേറ്റു പുറത്തായത്. ഈ സീസണിൽ പതിമൂന്നു ഗോൾ നേടി ഐഎസ്എല്ലിലെ ടോപ് സ്കോററായ താരത്തിന്റെ പരിക്ക് ടീമിനെ വളരെയധികം ബാധിക്കുന്ന ഒന്നാണെന്നതിൽ സംശയമില്ല.

ദിമിത്രിയോസിന്റെ പരിക്കിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവാൻ വുകോമനോവിച്ച് പറഞ്ഞത് താരം പ്ലേ ഓഫിന് മുൻപ് തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്നാണ്. എന്നാൽ ആ വാക്കുകൾ ഇവാൻ വുകോമനോവിച്ചിന്റെ മൈൻഡ് ഗെയിം ആയും വിലയിരുത്തപ്പെടുന്നുണ്ട്. ദിമിത്രിയോസ് പ്ലേ ഓഫിൽ കളിക്കുമെന്ന് തന്നെയാണ് പല ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

ദിമിത്രിയോസ് കളിക്കാനുള്ള സാധ്യത ഇല്ലെന്ന ധാരണ എതിരാളികളിൽ ഉണ്ടാക്കിയെടുത്താൽ അവർ താരത്തെ നേരിടാൻ വലിയ തയ്യാറെടുപ്പുകൾ നടത്തില്ല, തന്ത്രങ്ങളിലും മാറ്റം വരുത്തും. ഈ സാഹചര്യത്തിൽ അപ്രതീക്ഷിതമായി ദിമിത്രിയോസിനെ കളിപ്പിച്ചാൽ എതിരാളികളുടെ തന്ത്രങ്ങൾ പൊളിയുകയും ബ്ലാസ്റ്റേഴ്‌സിന് മുൻ‌തൂക്കം ലഭിക്കുകയും ചെയ്യും. ഇവാൻ ലക്‌ഷ്യം വെക്കുന്നത് ഇതാണെന്നാണ് സൂചനകൾ.

ചില ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം ദിമിത്രിയോസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഇവാന്റെ വാക്കുകളിൽ നിന്നും വ്യക്തവുമാണ്. അതുകൊണ്ടു തന്നെ താരം പ്ലേ ഓഫ് കളിക്കുമെന്നാണ് കരുതേണ്ടത്. ഇവാന്റെ മൈൻഡ് ഗെയിം വിജയിച്ചാലും ഇല്ലെങ്കിലും ദിമിത്രിയോസ് പ്ലേ ഓഫ് കളിച്ചാൽ തന്നെ ബ്ലാസ്റ്റേഴ്‌സിനത് മുൻ‌തൂക്കം നൽകും.

You Might Also Like