ഇന്ത്യൻ ഫുട്ബോൾ വലിയൊരു തകർച്ചയിലേക്ക് പോകുന്നു, രണ്ടു വർഷത്തിനുള്ളിൽ ഐഎസ്എല്ലിന്റെ നിലവാരം കുറയുമെന്ന് ഇവാൻ

ഇന്ത്യൻ ഫുട്ബോളിനും ഐഎസ്എല്ലിനും ശക്തമായ മുന്നറിയിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ഇന്ത്യൻ ഫുട്ബോളിൽ മികച്ച യുവതാരങ്ങളെ സൃഷ്‌ടിച്ചില്ലെങ്കിൽ സമീപഭാവിയിൽ തന്നെ അതിന്റെ നിലവാരം വലിയ തോതിൽ ഇടിയുമെന്നും കാലാനുസൃതമായ മുന്നേറ്റം ഇന്ത്യൻ ഫുട്ബോളിന് ഉണ്ടാകുന്നില്ലെന്നും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഐഎസ്എല്ലിലെയും ഇന്ത്യൻ ഫുട്ബോളിലെയും ക്ലബുകൾ യുവതാരങ്ങളെ വാർത്തെടുക്കുന്നത് തുടർന്നില്ലെങ്കിൽ അതിന്റെ ആഘാതം വളരെ പെട്ടന്നു തന്നെയുണ്ടാകും, ചിലപ്പോൾ രണ്ടു വർഷത്തിനുള്ളിൽ തന്നെ. യുവതാരങ്ങൾ കൂടുതലായി ഉയർന്നു വന്നിട്ടില്ലെങ്കിലും ഐഎസ്എല്ലിന്റെ നിലവാരം കുറഞ്ഞു തുടങ്ങും, അത് ദേശീയ ടീമിനെയും ബാധിക്കുമെന്നുറപ്പാണ്.”

“ഏഷ്യൻ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനം നോക്കൂ, ഇന്ത്യൻ ഫുട്ബോൾ ടീം രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ കളിക്കാർ മുഴുവൻ സമയവും നിർത്താതെ ഓടിക്കളിച്ച് അവരുടെ പരമാവധി നൽകിയിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാൻ അവർക്ക് കഴിഞ്ഞതേയില്ല.” അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ഫുട്ബോളിന് വളർച്ച ഉണ്ടാകുന്നില്ലെന്നും ഇവാൻ പറയുന്നു. ഇതിനു മുൻപ് നടന്ന ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ പ്രകടനം വെച്ചു നോക്കുമ്പോൾ ഇത്തവണ ഒരു ഗോൾ നേടാൻ പോലും ഇന്ത്യക്ക് കഴിഞ്ഞില്ലെന്നത് ടീം അതിനേക്കാൾ മോശം നിലയിലാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കുന്നതായും ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

വുകോമനോവിച്ചിന്റെ നിരീക്ഷണങ്ങൾ കൃത്യമാണ്. യുവതാരങ്ങളെ മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. ചെറിയ തലമുറയിലെ താരങ്ങൾക്ക് ഏറ്റവും മികച്ച പരിശീലനം നൽകി വളർത്തിയെടുത്താൽ മാത്രമേ അവർക്ക് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുകയുള്ളൂ.

You Might Also Like