ഐഎസ്എൽ സെമി മത്സരങ്ങളുടെ ചിത്രവും തെളിഞ്ഞു, മുന്നേറിയാലും ബ്ലാസ്റ്റേഴ്‌സിന് കടുപ്പമാകും

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി മോഹൻ ബഗാൻ ഷീൽഡ് സ്വന്തമാക്കി. ഷീൽഡ് നേട്ടത്തിന് ഒരു സമനില മാത്രം മതിയായിരുന്നു മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ഷീൽഡ് സ്വന്തമാക്കിയത്.

മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും മുംബൈ സിറ്റി രണ്ടാം സ്ഥാനത്തും വന്നതോടെ ഐഎസ്എൽ സെമി ഫൈനലുകളുടെ ചിത്രവും തെളിഞ്ഞിട്ടുണ്ട്. മോഹൻ ബഗാനും മുംബൈ സിറ്റിയും നേരിട്ട് സെമി ഫൈനലിലേക്ക് മുന്നേറുമ്പോൾ മൂന്നു മുതൽ ആറു വരെ സ്ഥാനങ്ങളിലുള്ള ടീമുകൾ പ്ലേ ഓഫ് കളിച്ച് അതിൽ വിജയം നേടിയാലാണ് സെമിയിലേക്ക് മുന്നേറുക.

മൂന്നാം സ്ഥാനത്തുള്ള ഗോവ ആറാം സ്ഥാനത്തുള്ള ചെന്നൈയിൻ എഫ്‌സിയെ പ്ലേ ഓഫിൽ നേരിടുമ്പോൾ ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് മറ്റൊരു പ്ലേ ഓഫ് നടക്കുന്നത്. ഒഡിഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടുന്ന ടീം സെമിയിൽ മോഹൻ ബഗാനെ നേരിടുമ്പോൾ അടുത്ത പ്ലേ ഓഫിൽ വിജയിക്കുന്ന ടീം മുംബൈ സിറ്റിയെ സെമിയിൽ നേരിടും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പ്ലേ ഓഫ് പോരാട്ടം തന്നെ വളരെ കടുപ്പമേറിയ ഒന്നാണ്. അതിൽ നിന്നും മുന്നേറിയാലും സെമിയിൽ മോഹൻ ബഗാനെ മറികടക്കാൻ ടീമിന് കഴിഞ്ഞേക്കില്ല. പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന് വിലങ്ങുതടിയായി നിൽക്കുന്ന പ്രധാന പ്രശ്‌നം. എന്നാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തതിനാൽ തന്നെ എല്ലാം മറന്നു പൊരുതാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയും.

You Might Also Like