അതൊരു തെറ്റിദ്ധാരണയായിരുന്നു, ഇന്ത്യന്‍ താരത്തെ ചീത്ത വിളിച്ചതിന് പാക് താരത്തിന് പശ്ചാത്താപം

ലോകക്രിക്കറ്റിൽ ഇന്നോളം നടന്നിട്ടുള്ളതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളാണ് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ. ഇരു രാജ്യങ്ങളും തമ്മിൽ മൈതാനത്ത് ഏറ്റുമുട്ടുമ്പോൾ കളിക്കാർ തമ്മിൽ പലപ്പോഴും വാക്പോരുകളിൽ ഏർപ്പെടാറുണ്ട്.

2009 ൽ പാകിസ്ഥാൻ കീപ്പർ കമ്രാൻ അക്മലും ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്പോര് ഇതിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഉണ്ടായതാണ് എന്നാണ് കമ്രാൻ അക്മൽ പിന്നീട് പറഞ്ഞത്. ഇതോടൊപ്പം ഇഷാന്തിന്റെ മൈതാനത്തെ പെരുമാറ്റവും അക്മൽ എടുത്തുപറയുന്നു.

‘2009ൽ ഗംഭീരമായുള്ള വാക്പോര് തീർത്തും തെറ്റിദ്ധാരണയുടെ പേരിലായിരുന്നു. 2009 ഏഷ്യാ കപ്പ് മത്സരത്തിനിടയായിരുന്നു ഇത്. സയീദ് അജ്മൽ എറിഞ്ഞ പന്ത് എന്റെ കൈകളിലെത്തുകയും, ഞാൻ ക്യാച്ചിനായി അപ്പില്‍ ചെയ്യുകയുമുണ്ടായി. എന്നാൽ അമ്പയർ അത് അവഗണിച്ചു. ആ സമയത്ത് ഗംഭീർ എന്തോ പറഞ്ഞു. എന്തായാലും അയാൾ പറഞ്ഞത് ചീത്ത വാക്കുകൾ ആയിരുന്നില്ല. എന്റെ ഊഹം ശരിയാണെങ്കിൽ ഗംഭീർ അയാളോട് തന്നെ പറഞ്ഞ വാക്കുകളായിരുന്നു അത്. എന്നാൽ എന്നോട് സംസാരിച്ചതാണെന്ന് എനിക്ക് തോന്നി’ അക്മൽ പറഞ്ഞു.

ഒപ്പം 2012ൽ ഇഷാന്ത് ശർമയുമായി ഉണ്ടായ വാക്പൊരിനെ പറ്റിയും അക്മൽ സംസാരിച്ചു.

‘ഇഷാന്ത് ചീത്ത പറയാറുണ്ട്. അതുപോലെതന്നെ വാങ്ങിച്ചു കൂട്ടാറുമുണ്ട്. അന്ന് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. അദ്ദേഹം മികച്ച ഒരു വ്യക്തിയായിരുന്നു. ഒപ്പം റൈനയും ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് ഇഷാന്തിനെ ശാന്തനാക്കിയിരുന്നത്. ഇന്ത്യ മത്സരത്തിൽ പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു. ഷോഐബ് മാലിക്കും മുഹമ്മദ് ഹഫിസും നന്നായി കളിച്ചിരുന്നു. അതായിരുന്നു ഇഷാന്തിനെ ചൊടിപ്പിച്ചത്’ അക്മൽ കൂട്ടിച്ചേർത്തു.

പലപ്പോഴും ഇന്ത്യ പാകിസ്ഥാൻ ടീമുകൾ മൈതാനത്തിറങ്ങുമ്പോൾ ഇത്തരം വാക്കുപോരുകൾ പതിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇതിൽ പ്രധാന ഘടകം തന്നെയാണ്. മൈതാനത്ത് ആവേശം വർദ്ധിപ്പിക്കാൻ ഈ വാക്പോരുകൾക്ക് സാധിച്ചിട്ടുണ്ട് എന്നതും സത്യമാണ്.

You Might Also Like