പുറത്തായതിന് പിന്നാലെ പന്തിന്റെ പരാക്രമം, സ്‌ക്രീനില്‍ ബാറ്റ് കൊണ്ടടിച്ച് പ്രതിഷേധം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും തുടക്കം പാളിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്സിനോട് തോറ്റ ഡല്‍ഹി രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും നാണംകെട്ടിരിക്കുകയാണ്. റിഷഭ് പന്ത് നായകനായി തിരിച്ചെത്തിയപ്പോള്‍ ഡല്‍ഹിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ റിഷഭിന് കീഴിലും ടീമിന് പ്രതീക്ഷ നിലവാരം കാട്ടാനാവുന്നില്ല. രാജസ്ഥാനെതിരേ 12 റണ്‍സിനാണ് ഡല്‍ഹിയുടെ തോല്‍വി.

മത്സരത്തില്‍ ഡല്‍ഹി നായകനായ റിഷഭിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി. 26 പന്തില്‍ 28 റണ്‍സാണ് റിഷഭ് നേടിയത്. രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് റിഷഭിന്റെ ബാറ്റിങ്. വെറും 107.69 സ്ട്രൈക്ക് റേറ്റിലായിരുന്നു റിഷഭ് ബാറ്റു ചെയ്തത്. യുസ് വേന്ദ്ര ചഹാലിന്റെ പന്തിലാണ് റിഷഭിന്റെ മടക്കം.

നിലയുറപ്പിച്ച് ഫോമിലേക്ക് വരികയായിരുന്ന റിഷഭിനെ ചഹാല്‍ ലോ ബൗണ്‍സ് ഓഫ് സൈഡ് പന്തില്‍ കുടുക്കുകയായിരുന്നു. എഡ്ജായ പന്തില്‍ സഞ്ജു സാംസണിന്റെ ഗംഭീര ക്യാച്ചിലാണ് റിഷഭിന്റെ മടക്കം.

വിക്കറ്റ് നഷ്ടമായതില്‍ റിഷഭ് കടുത്ത നിരാശനായിരുന്നു. ഡ്രസിങ് റൂമിലേക്ക് പോകും വഴി റിഷഭ് ബാറ്റ് നിലത്തെറിയുകയും സൈഡ് സ്‌ക്രീനില്‍ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. റിഷഭിന്റെ നിരാശ മത്സരശേഷവും മുഖത്ത് വ്യക്തമായിരുന്നു. താന്‍ പൂര്‍ണ്ണ നിരാശനാണെന്ന് മത്സരശേഷം പന്ത് വ്യക്തമാക്കുകയും ചെയ്തിരുന്നു.

You Might Also Like