റണ്‍സ് വിസ്‌ഫോടനം, ഞായറാഴ്ച്ച കണ്ടത് സമാനതകളില്ലാത്ത കാഴ്ച്ചകള്‍

തേഡ് ഐ – കമാല്‍സ് വ്യൂ

നായകന്‍ വിരാട് കോഹ്ലി രണ്ടാം ഓവറില്‍ തന്നെ തല താഴ്ത്തി പുറത്തായ കാഴ്ച്ചയില്‍ നിരാശരായിരുന്നില്ല ഗ്ലെന്‍ മാക്സ്വെലും എബി ഡി വില്ലിയേഴ്സും. ഓസ്ട്രേലിയക്കാരനും ദക്ഷിണാഫ്രിക്കക്കാരനും നിന്ന നില്‍പ്പില്‍ തുടങ്ങിയ അടിയില്‍ കൊല്‍ക്കത്തക്കാര്‍ വിറച്ച് തോറ്റ കാഴ്ച്ചയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന് തുടര്‍ച്ചയായ മൂന്നാം വിജയം.

38 റണ്‍സിന്റെ ആധികാരിക വിജയത്തില്‍ അവര്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓപ്പണറായി ഇറങ്ങിയ കോലിയുടെ സമ്പാദ്യം കേവലം അഞ്ച് റണ്‍സായിരുന്നു. കൊല്‍ക്കത്തയുടെ നായകന്‍ ഇയാന്‍ മോര്‍ഗന്‍ തന്റെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പുതിയ പന്ത് നല്‍കിയപ്പോള്‍ മിഡ്വിക്കറ്റിലുടെ പന്തിനെ അതിര്‍ത്തി കടത്താനുള്ള കോലിയുടെ ശ്രമം പകല്‍ പോരാട്ടത്തില്‍ അത്യുജ്ജ്വല ക്യാച്ചിലുടെ രാഹുല്‍ ത്രിപാഠി ഇല്ലാതാക്കി.

പകരമെത്തിയവരായ ഗ്ലെന്‍ മാക്സ്വെല്‍ 49 പന്തില്‍ 78 റണ്‍സും ഡി വില്ലിയേഴ്സ് 34 പന്തില്‍ പുറത്താവാതെ 76 റണ്‍സും നേടിയപ്പോള്‍ ബാംഗ്ലൂരുകാരുടെ സമ്പാദ്യം 204 ലെത്തി. ഈ സ്‌ക്കോര്‍ പിന്തുടരാനുള്ള ആരോഗ്യം കൊല്‍ക്കത്തക്കാര്‍ക്കുണ്ടായിരുന്നില്ല. നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും തമ്മിലുള്ള രണ്ടാം വിക്കറ്റ് സഖ്യം പവര്‍ പ്ലേ ഘട്ടത്തില്‍ നടത്തിയ വെടിക്കെട്ട് മാറ്റി നിര്‍ത്തിയാല്‍ താരതമ്യേന ശാന്തരായിരുന്നു ഷാറുഖ്ഖാന്റെ സംഘം. എട്ട് വിക്കറ്റിന് 166 റണ്‍സ് സമ്പാദിക്കാനാണ് അവര്‍ക്കായത്.

ബാറ്റിംഗിന്റെ വിശ്വരൂപമായിരുന്നു ചെപ്പോക്കില്‍ മാക്സ്വെലും ഡി വില്ലിയേഴ്സും. കോഹ്ലി വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് നല്‍കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സ് മാത്രം. മൂന്നാമനായി വന്ന രജത് പറ്റിദാറെയും (1) വേഗത്തില്‍ വരുണ്‍ വീഴ്ത്തി. സ്‌ക്കോര്‍ ഒമ്പത് റണ്‍സ്. അവിടെ നിന്നാണ് ഓപ്പണര്‍ ദേവ്ദത്ത്് പടിക്കലിന് കൂട്ടായി മാക്സ്വെല്‍ എത്തിയത്. ആരെയും കൂസാത്ത ബാറ്റിംഗായിരുന്നു അദ്ദേഹത്തിന്റേത്.

മോര്‍ഗന്‍ തുടക്കത്തില്‍ പരീക്ഷിച്ച മൂന്ന് സ്പിന്നര്‍മാരും അടി വാങ്ങി. വരുണും ഹര്‍ഭജനും ഷാക്കിബ് അല്‍ഹസനും പന്തെറിഞ്ഞതിന് ശേഷമായിരുന്നു മുഖ്യ സീമര്‍മാരായ പാറ്റ് കമിന്‍സ്, പ്രസീത് കൃഷ്ണ എന്നിവരെ നായകന്‍ വിളിച്ചത്. പക്ഷേ മാക്സ്വെല്‍ ശൈലിയില്‍ പന്ത് ബൗണ്ടറിയിലേക്ക് നിരന്തരം ഓടി. മാക്സ്വെലിന്റെ വേഗം കണ്ട് തന്റെ ഭാഗത്ത് ഒളിച്ചിരുന്ന ദേവ്ദത്ത് പടിക്കല്‍ 25 ല്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍ 95 ല്‍ എത്തിയിരുന്നു. മാക്സ്വെലിന്ന് തുടര്‍ന്നാണ് ഡി വില്ലിയേഴ്സിനെ കിട്ടുന്നത്. പിന്നെ തകര്‍ത്തടിയായിരുന്നു.

ഒമ്പത് തവണയാണ് മാക്സവെലിന്റെ ചൂടില്‍ പന്ത് അതിര്‍ത്തി കടന്നത്. സ്റ്റേഡിയം ശൂന്യമായിരുന്നുവെങ്കിലും മൂന്ന് തവണ പന്തിനെ അവിടെ കാണാതെയായി. മാക്സ്വെലിനേക്കാളും മാരക ശേഷിയായിരുന്നു അനുഭവ സമ്പന്നനായ ഡി വില്ലിയേഴ്സിന്. വന്നതും അടി തുടങ്ങിയ അദ്ദേഹത്തെ പിടിച്ചുകെട്ടാന്‍ ഒരു ബൗളര്‍ക്കുമായില്ല. മൂന്ന് സിക്സറുകളും ഒമ്പത് ബൗണ്ടറികളും അദ്ദേഹവും നേടി. 34 പന്തില്‍ പുറത്താവാതെ നേടിയ 76 ലായിരുന്നു സ്‌ക്കോര്‍ 200 കടന്നത്.

വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ശുഭ്മാന്‍ ഗില്ലായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷ. തുടക്കത്തില്‍ തന്നെ രണ്ട് തവണ കിവി സീമര്‍ ജാമിസണെ അദ്ദേഹം ഗ്യാലറിയിലെത്തിച്ചു. രണ്ട് തകര്‍പ്പന്‍ ബൗണ്ടറികളും. ജാമിസണ്‍ തന്നെ ഞെട്ടിപ്പോയ കാഴ്ച്ചയില്‍ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ബൗളര്‍ തിരികെ വന്നു.

മറ്റൊരു കൂറ്റന്‍ ഷോട്ടിനുള്ള ശ്രമത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ഡാന്‍ കൃസ്റ്റിയന്‍ മനോഹരമായി ഗില്ലിനെ (21) പിടികൂടി. രാഹുല്‍ ത്രിപാഠിയും വേഗതയില്‍ കളിച്ചു. നല്ല ഷോട്ടുകളുമായി യുവതാരം 25 ലെത്തി പുറത്തായി. മികച്ച റെക്കോര്‍ഡുള്ള ഓപ്പണര്‍ നിതിഷ് റാണക്ക് കൂടുതല്‍ പന്തുകള്‍ കളിക്കാന് കിട്ടിയിരുന്നില്ല. 18 ല്‍ അദ്ദേഹവും പുറത്തായതോടെ കനത്ത സമ്മര്‍ദ്ദമായി. നായകന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കിനും ഷാക്കിബ് അല്‍ഹസനും സ്‌ക്കോറിംഗ് ഉയര്‍ത്താനായില്ല. പിന്നെ പ്രതീക്ഷ ആന്ദ്രെ റസല്‍ മാത്രമായിരുന്നു. 20 പന്തില്‍ റസല്‍ രണ്ട് സിക്സറും മൂന്ന് ബൗണ്ടറികളും പായിച്ചു. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ വിന്‍ഡീസുകാരന്‍ മടങ്ങിയതോടെ മല്‍സരം പൂര്‍ണമായി. ജാമിസണ്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.

വാംഖഡെയിലെ പോരാട്ടത്തിലും റണ്‍ മഴയായിരുന്നു. പഞ്ചാബ് കിംഗ്സ് നായകന്‍ കെ.എല്‍ രാഹുല്‍ (61), ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (69) എന്നിവരുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത് നാല് വിക്കറ്റിന് 195 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അതേ നാണയത്തില്‍ തിരിച്ചടിച്ചു. മിന്നും വേഗതയില്‍ 92 റണ്‍സ് നേടിയ ശിഖര്‍ ധവാനായിരുന്നു ഡല്‍ഹിക്കാരുടെ വിജയത്തിന് നേതൃത്വം നല്‍കിയത്. പ്രിഥ്വി ഷായെ 32 ല്‍ നഷ്ടമായ ശേഷം ശിഖര്‍ തകര്‍ത്താടുകയായിരുന്നു.

13 ബൗണ്ടറികളും രണ്ട് സിക്സറുകളും സ്വന്തമാക്കിയാണ് അദ്ദേഹം പുറത്തായത്. ശിഖര്‍ ക്രീസിലുള്ളപ്പോള്‍ ഡല്‍ഹി കുതിക്കുകയായിരുന്നു. പിന്നെ മാര്‍ക്കസ് സ്റ്റോനിസിന്റെ ഊഴമായി. നിറം മങ്ങിയ മുഹമ്മദ് ഷമിയെ കശക്കിയായിരുന്നു സ്റ്റോനിസ് വിജയം ഉറപ്പാക്കിയത്. ബാറ്റ്സ്മാന്മാര്‍ വലിയ സ്‌ക്കോര്‍ നേടിയിട്ടും ബൗളിംഗാണ് പഞ്ചാബിനെ ചതിച്ചത്. ഷമി, റിച്ചാര്‍ഡ്സണ്‍ തുടങ്ങിയ പ്രമുഖരെല്ലാം അടി വാങ്ങി.

കടപ്പാട്: ചന്ദ്രിക ദിനപത്രം

You Might Also Like