ഐപിഎല്‍, ടീമുകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ന്യൂസിലന്‍ഡ്

ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായി താരലേലം നടക്കാനിരിക്കെ ടീമുകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് (എന്‍സെഡ്സി). ഐപിഎല്ലിന്റെ അടുത്ത സീസണ്‍ മുഴുവന്‍ ന്യൂസിലാന്‍ഡ് താരങ്ങളുടെ സേവനം ഫ്രാഞ്ചൈസികള്‍ക്കു ലഭിക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ഐപിഎല്ലിന്റെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ കിവീസ് താരങ്ങള്‍ക്കു കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് തള്ളിയത്.

ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടുമായി ന്യൂസിലാന്‍ഡിന്റെ ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തം തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഐപിഎല്ലിന്റെ ഭാഗമായിട്ടുള്ള മുഴുവന്‍ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്കും ടൂര്‍ണമെന്റ് കഴിയുന്നത് വരെ കളിക്കാന്‍ എന്‍ഒസി നല്‍കിയതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് വക്താവ് റിച്ചാര്‍ഡ് ബ്രൂക്ക് അറിയിച്ചു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന ലേലത്തില്‍ ന്യൂസിലാന്‍ഡിന്റെ 20 താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. യുവ ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണാണ് അക്കൂട്ടത്തിലെ പ്രധാന ആകര്‍ഷണം. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരം കൂടിയാണ് അദ്ദേഹം. ഗ്ലെന്‍ ഫിലിപ്സ്, ആദം മില്‍നെ, ഫിന്‍ അലന്‍, ടിം സോത്തി, മിച്ചെല്‍ മക്ലെനഗന്‍ തുടങ്ങിയ ന്യൂസിലാന്‍ഡ് താരങ്ങളും ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

You Might Also Like