അടി എല്ലാ സീമകളും ലംഘിച്ചു, ബോള്‍ ബോയ്‌സിന് കൂടുതല്‍ സുരക്ഷ ഒരുക്കി സംഘാടകര്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റണ്‍സ് പെരുമഴയാണല്ലോ പെയ്തത്. പല പന്തുകളും സിക്‌സുകളായി മൈതാനത്തേയ്ക്ക് പറക്കുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. ഈ ഐപിഎല്ലില്‍ തുടച്ചയായ മൂന്നാം തവണയാണ് ഹൈദരാബാദ് ഇരുനൂമ്പി അമ്പതിന് മേല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.

മത്സരത്തില്‍ 22 സിക്സുകളാണ് ഹൈദരാബാദ് ടീം പായിച്ചത്. ഐപിഎല്ലില്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന സ്വന്തം റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹൈദരാബാദിനായിരുന്നു. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേയും ഹൈദരാബാദ് 22 സിക്സുകള്‍ നേടിയിരുന്നു.

പിന്നീട് ഡല്‍ഹി ബാറ്റിംഗിനെത്തിയപ്പോഴും സിക്സുകളുടെ മഴയായിരുന്നു. 7.3 ഓവറുകള്‍ക്കിടെ ഒമ്പത് സിക്സുകളാണ് ഡല്‍ഹി നേടിയത്. ഇരുടീമുകളും കൂറ്റനടികളുമായെത്തിയപ്പോള്‍ ഐപിഎല്‍ അധികൃതര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കേണ്ടിവന്നു. ബോള്‍ ബോയ്സിന് ഹെല്‍മെറ്റ് നല്‍കിയാണ് അധികൃതര്‍ കുട്ടികളെ സുരക്ഷിതരാക്കിയത്. പന്ത് തലയില്‍ വീഴേണ്ടെന്ന കാരണത്താലാണ് ബൗണ്ടറി ലൈനിനപ്പുറത്ത് പന്തെടുക്കാന്‍ നിന്ന് കുട്ടികള്‍ക്ക് ഹെല്‍മെറ്റ് അനുവദിച്ചത്.

എന്തായാലും നല്ല തീരുമാനമെന്ന് കമന്ററിക്കിടെ പറയുന്നുണ്ടായിരുന്നു. ആരാധകരും ഈ തീരുമാനത്തിന് കൈയ്യടിച്ചു.

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണിത് ഡല്‍ഹിയ്‌ക്കെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്തത്. ഏറ്റവും ഉയര്‍ന്ന രണ്ട് സ്‌കോറുകളും ഹൈദരാബാദിന്റെ അക്കൗണ്ടിലാണ്. അതും ഇതേ സീസണില്‍ തന്നെ. ആര്‍സിബിക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണ്‍സ് നേടാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്നിന് 277 അടിച്ചെടുക്കാനും ഹൈദരബാദിനായി. മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. ഡല്‍ഹിക്കെതിരെ വിശാഖപട്ടത്ത് അടിച്ചെടുത്തത് ഏഴിന് 272 റണ്‍സ്. ഇപ്പോള്‍ ഹൈദരാബാദിന്റെ 266 റണ്‍സും.

You Might Also Like