കോഹ്ലി പിന്തുണച്ചില്ല, കുല്‍ദീപിന്റെ കരിയര്‍ സംരക്ഷിച്ചത് രോഹിത്ത്, തുറന്നടിച്ച് പരിശീലകന്‍

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കരിയര്‍ സംരക്ഷിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണെന്ന് താരത്തിന്റെ ബാല്യകാല കോച്ച് കപില്‍ ദേവ് പാണ്ഡെ. വിരാട് കോഹ്ലിയ്ക്ക് കീഴില്‍കുല്‍ദീപിന് പിന്തുണയൊന്നും ലഭിച്ചില്ലെന്നും കപില്‍ ദേ പാണ്ഡെ വെളിപ്പെടുത്തുന്നു.

കുല്‍ദീപിനെ പോലെ കഴിവുള്ള താരത്തിന് പിന്തുണ ലഭിക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കപില്‍ ദേവ് പാണ്ഡെ തുറന്നടിച്ചു.

‘ക്യാപ്റ്റന്മാര്‍ വിശ്വസിച്ചപ്പോഴെല്ലാം കുല്‍ദീപ് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡ് അവനുണ്ട്. ഏകദിനത്തില്‍ രണ്ട് ഹാട്രിക് അവന്‍ നേടിയിട്ടുണ്ട്. ടി20 യിലും മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് കുല്‍ദീപ്. എന്നിട്ടും അവന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്’ കപില്‍ദേവ് പാണ്ഡെ പറയുന്നു.

‘അവന്റെ കരിയര്‍ സംരക്ഷിച്ചത് ശരിക്കും നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ്. കുല്‍ദീപിന്റെ ഈ തിരിച്ചുവരവിന് കാരണം രോഹിത് ശര്‍മ്മയാണ്. രോഹിത് മികച്ച ക്യാപ്റ്റനാണ്. ഒരു വലിയകൂട്ടം കളിക്കാരില്‍ നിന്നും എങ്ങനെ കഴിവുകള്‍ കണ്ടെത്തണമെന്ന് രോഹിത് ശര്‍മ്മയ്ക്ക് അറിയാം. ഐ പി എല്ലിന് മുന്‍പായി കുല്‍ദീപിന് രോഹിത് ശര്‍മ്മ അവസരം നല്‍കി’ കപില്‍ ദേവ് പാണ്ഡെ പറഞ്ഞു.

‘കുല്‍ദീപിനെയും അവന്റെ യോ യോ ടെസ്റ്റിനെയും രോഹിത് സസൂക്ഷ്മം നിരീക്ഷിച്ചു. കുല്‍ദീപിന്റെ തിരിച്ചുവരവില്‍ ക്രെഡിറ്റ് നല്‍കേണ്ടത് രോഹിത് ശര്‍മ്മയ്ക്കാണ്. രോഹിത് ശര്‍മ്മയുടെയും പന്തിന്റെയും പോണ്ടിങിന്റെയും പിന്തുണയില്ലെങ്കില്‍ അവന് ഈ തിരിച്ചുവരവ് സാധ്യമാവുകയില്ലായിരുന്നു’ അദ്ദേഹം പറഞ്ഞ് നിര്‍ത്തി.

നിലവില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് കുല്‍ദീപ് കാഴ്ച്ചവെക്കുന്നത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് കുല്‍ദീപ്.

You Might Also Like