കണക്കിലെ കളികള്‍ ഒന്നും അറിയില്ല, ഒടുവില്‍ നിസ്സഹായത തുറന്ന് പറഞ്ഞ് ഹാര്‍ദ്ദിക്ക്

Image 3
CricketCricket News

ഐപിഎല്ലില്‍ സാങ്കേതികമായി നിലവില്‍ പ്ലേ ഓഫ് സാധ്യത ഇപ്പോഴും നിലനില്‍ക്കുന്ന ടീമാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. അവസാന നാലില്‍ കടക്കാന്‍ മുംബൈക്ക് വിദൂര സാധ്യതയുണ്ടെന്ന് വേണമെങ്കില്‍ പറയാം. സണ്‍റൈസസ് ഹൈദരാബാദിനെതിരെ മത്സരശേഷം സാധ്യതകളെ കുറിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സംസാരിച്ചത് പക്ഷെ മറ്റൊന്നാണ്.

‘നമ്മളിപ്പോള്‍ സംസാരിക്കുന്ന കണക്കുകൂട്ടലുകളെ കുറിച്ച് എനിക്ക് ധാരണയില്ല. അതേസമയം, ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ ഹാര്‍ദിക് പറഞ്ഞു. അവതാരകന്‍ സഞ്ജയ് മഞ്ജരേക്കര്‍ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹാര്‍ദിക് ഇക്കാര്യം സംസാരിച്ചത്.

‘സൂര്യകുമാര്‍ എന്നത്തേയും പോലെ അവിശ്വസനീയമായി കളിച്ചു. ബൗളര്‍മാരെ സമ്മര്‍ദ്ദിലാക്കുന്നുവെന്നുള്ളതാണ് സൂര്യയുടെ ഏറ്റവും വലിയ പോസിറ്റീവ്. വലിയ ആത്മവിശ്വാസത്തോടെയാണ് സൂര്യ കളിച്ചത്. വ്യത്യസ്തമായ രീതിയില്‍ സൂര്യക്ക് മത്സരം മാറ്റാന്‍ കഴിയും. സൂര്യ ടീമിലുണ്ടായത് ഭാഗ്യമാണ്’ ഹാര്‍ദിക് പറഞ്ഞു.

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് മുബൈ ഇന്ത്യന്‍ സ്വന്തമാക്കിയത്. വാംഖഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് (51 പന്തില്‍ 102) ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.