ഐപിഎല്‍ പിരിച്ച് വിട്ടാല്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊരു ലോകകിരീടം കിട്ടൂ, തുറന്നടിച്ച് രോഹിത്തിന്റെ കോച്ച്

ഇന്ത്യ നേരിടുന്ന ഐസിസി കിരീട വരള്‍ച്ചയ്ക്ക് കാരണമെന്തെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയുടെ ബാല്യകാല പരിശീലകന്‍ ദിനേശ് ലാദ് രംഗത്ത്. ഇന്ത്യയ്ക്ക് ഐസിസി കിരീടം ലഭിക്കണമെങ്കില്‍ ഐപിഎല്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ദിനേശ് ലാദ് തുറന്ന്
പറയുന്നത്.

‘ഇന്ത്യ സന്തുലിതമായ ഒരു ടീമാണെന്ന് പറയാനാകില്ല. കഴിഞ്ഞ 7,8 മാസങ്ങളായി ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ലോകകപ്പ് പോലുളള വലിയ ടൂര്‍ണമെന്റുകളില്‍ കളിക്കണമെങ്കില്‍ ആദ്യം ഒരു ടീമിനെ ഉണ്ടാക്കണം’ ദിനേഷ് ലാദ് പറയുന്നു.

‘നിലവില്‍ ഇന്ത്യയുടെ അവസ്ഥ ആരെങ്കിലും പന്തറിയും ആരെങ്കിലും ഓപ്പണ്‍ ചെയ്യും എന്നതാണ്. ഇന്ത്യ ലോകകപ്പ് നേടണമെങ്കില്‍ ആദ്യം ഐപിഎല്‍ കളിക്കുന്നത് നിര്‍ത്തണം. വ്യക്തമായ ലക്ഷ്യത്തോടെയാകണം ഐപിഎല്‍ കളിക്കേണ്ടത്. അതില്‍ നിന്നും എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാന്‍ ഒരിക്കലും സാധിക്കില്ല’ ദിനേശ് ലാദ് കൂട്ടിച്ചേര്‍ത്തു.

അനാവശ്യമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നത് നിര്‍ത്തണമെന്നും ന്യൂസിലാന്‍ഡിനെതിരെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനോട് ഒരിക്കലും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന് തയ്യാറെടുക്കുകയാണെങ്കില്‍ അവിടെ രോഹിത് ശര്‍മയുടെ സാന്നിധ്യം നിര്‍ബന്ധമാണ്. രോഹിത് ലോകകപ്പില്‍ നന്നായി കളിച്ചില്ല എന്നതും നയിച്ചില്ല എന്നതും സത്യമാണ്. അത് വെച്ച് രോഹിത്തിന് മാത്രം കുറ്റം പറയാന്‍ പറ്റില്ലെന്നും ദിനേഷ് ലാദ് പറഞ്ഞ് നിര്‍ത്തി.

നിലവില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര കളിക്കുകയാണ്. നേരത്തെ ടി20 പരമ്പര ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

You Might Also Like