ഇത് ഐപിഎല്ലല്ലേ… മുനകൂര്‍ത്ത പരാമര്‍ശവുമായി സഞ്ജു, ആരേയും കുറ്റപ്പെടുത്തിയില്ല

Image 3
CricketCricket News

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നതില്‍ ആരേയും കുറ്റപ്പെടുത്താതെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. മത്സരം തങ്ങളുടെ കൈവശമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ പെട്ടെന്ന് എല്ലാം മാറി മറിയുകയായിരുന്നെന്നും സഞ്ജു പറഞ്ഞു.

‘എനിക്ക് തോന്നുന്നത് മത്സരം ഞങ്ങളുടെ കയ്യില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത് എന്നാണ്. ഒരു സമയത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ 11-12 റണ്‍സ് മാത്രമാണ് ഒരു ഓവറില്‍ വേണ്ടിയിരുന്നത്. അത് ഞങ്ങള്‍ക്ക് നേടാന്‍ സാധിക്കുന്ന റണ്‍സ് തന്നെയായിരുന്നു. പക്ഷേ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാം’ സഞ്ജു പറഞ്ഞു.

‘ബാറ്റിങ്ങിലും ബോളിങ്ങിനും സ്ഥിരത കാണിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്താണോ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത് അതനുസരിച്ച് നില്‍ക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 10 റണ്‍സ് അധികമായി നേടാന്‍ ഡല്‍ഹിക്ക് സാധിച്ചു’ സഞ്ജു പറഞ്ഞു.

‘ഡല്‍ഹി ഓപ്പണര്‍മാര്‍ ആദ്യം തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിട്ടും ഞങ്ങള്‍ അതിവിദഗ്ധമായി മത്സരത്തിലേക്ക് തിരികെ വന്നു. ഈ ഐപിഎല്ലിലെ ഞങ്ങളുടെ മൂന്നാം പരാജയമാണിത്. പരാജയപ്പെട്ട മത്സരങ്ങളിലൊക്കെയും വലിയ പോരാട്ടവീര്യം കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു’ സഞ്ജു കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ അവിശ്വസനീയമായി കളിച്ചുവെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം മൊമന്റം മുമ്പിലേക്ക് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. മത്സരത്തിലെ വിജയത്തിന്റെ നല്ലൊരു ശതമാനം ക്രെഡിറ്റ് നല്‍കുന്നത് സ്റ്റബ്‌സിനാണ്. അവസാന ഓവറുകളില്‍ സന്ദീപ് ശര്‍മയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു’ സഞ്ജു പറഞ്ഞു.

‘സന്ദീപ് ശര്‍മയ്ക്കും യുസ്സ്വേന്ദ്ര ചാഹലിനുമെതിരെ 2-3 സിക്‌സറുകള്‍ അധികമായി നേടാന്‍ സ്റ്റബ്‌സിന് സാധിച്ചിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എന്നിരുന്നാലും എവിടെയാണ് ഞങ്ങളെ പരാജയം ബാധിച്ചത് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അത് കണ്ടെത്തി കൃത്യമായി മുന്‍പിലേക്ക് പോകാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ സഞ്ജു പറഞ്ഞു നിര്‍ത്തി.