ശ്രീയെ കാത്ത് മൂന്ന് ഐപിഎല്‍ ടീമുകള്‍, ചേട്ടനെ ടീമിലെത്തിക്കാന്‍ സഞ്ജുവും ഇറങ്ങുന്നു

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്തേയ്ക്ക് തിരിച്ചുവന്ന ശ്രീശാന്ത് ഇത്തവണത്തെ ഐപിഎല്ലില്‍ പന്തെറിഞ്ഞേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തം. മൂന്ന് ഐപിഎല്‍ ടീമുകളാണ് ശ്രീയ്ക്ക് അവസരം നല്‍കാന്‍ വാതില്‍ തുറന്നിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീ ഐപിഎല്ലിലേക്ക് മടങ്ങിവരുകയാണെങ്കില്‍ അഥ് വലിയ സംഭവമായി മാറും. 2023 ലെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കുന്ന 37കാരന്റെ ഏറ്റവും വലിയ വിജയം കൂടിയാകും ഐപിഎല്ലില്‍ പന്തെറിയുന്നത്. മാത്രമല്ല 2013ല്‍ ഇതേ ഐപിഎല്ലില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനയ്ക്കുളള പരിഹാരം കൂടിയാകും ഈ നേട്ടം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളാണ് ശ്രീയെ സ്വന്തമാക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നത്. ഇതില്‍ ശ്രീയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത് രാജസ്ഥാന്‍ റോയല്‍സിലേക്കാണ്. നായകനായി സഞ്ജു സാംസണിന്റെ സാന്നിധ്യമാണ് ശ്രീയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. ശ്രീശാന്തിനെ എന്ത് വിലകൊടുത്തും തിരിച്ചുകൊണ്ട് വരണമെന്ന പക്ഷക്കാരനാണ് സാംസണ്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന് കീഴിലായിരുന്നു ശ്രീ പന്തെറിഞ്ഞത്.

ജോഫ്ര ആര്‍ച്ചര്‍ നയിക്കുന്ന ബോളിങ് നിരയുള്ള രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് തള്ളിക്കളയാനാകില്ല. റോയല്‍സ് താരമായിരിക്കെയാണ് 2013ല്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതിനാല്‍ രാജസ്ഥാനിലൂടെ മടങ്ങിയെത്താനായാല്‍ അതു ശ്രീയുടെ മധുരപ്രതികാരമായിരിക്കും. ലേലത്തിന് മുന്നോടിയായി വരുണ്‍ ആരോണിനെ റിലീസ് ചെയ്ത രാജസ്ഥാനില്‍ ഒരു പേസറുടെ ഒഴിവുണ്ട്.

മൂന്നു തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈയുടെ ഏറ്റവും മോശം സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. പരിചയസമ്പരായ ബാറ്റ്‌സ്മാന്മാരെ കൊണ്ടു സമ്പനമായ ചെന്നൈനിരയില്‍ പരിചയസമ്പനനായ ഒരു ബോളറുടെ അഭാവം ഇപ്പോഴുമുണ്ട്. ക്യാപ്റ്റന്‍ ധോണിക്കു കീഴില്‍ 2011ലെ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന ശ്രീശാന്തിനെ മഞ്ഞ കുപ്പായം അണിയാന്‍ കഴിയുമോ എന്നറിയാന്‍ കാത്തിരിക്കണം.

പുതിയ സീസണ് മുന്നോടിയായി വമ്പന്‍ താരങ്ങളെ ഉപേക്ഷിച്ച ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഷെല്‍ഡന്‍ കോട്രെല്‍, ജിമ്മി നീഷം ഉള്‍പ്പെടെയുള്ളവരെ പഞ്ചാബ് പുറത്താക്കിയ സ്ഥിതിക്ക് ഒരു മികച്ച പേസ് ബോളറെ ടീമിലെത്തിക്കേണ്ടത് ടീമിന് അത്യാവശ്യമാണ്.

You Might Also Like