ഐ.പി.എൽ യു.എ.ഇയിൽ , തീയതി പുറത്ത്
ക്രിക്കറ്റ് ആരാധകർക്ക് ഒടുവിൽ സന്തോഷ വാർത്ത. കോവിഡ് മഹാമാരി മൂലം അനന്തമായി നീണ്ട ഐ.പി.എൽ ട്വൻറി20 ക്രിക്കറ്റ് മാമാങ്കം (ഇന്ത്യൻ പ്രീമിയർ ലീഗ്) സെപ്റ്റംബറിൽ യു.എ.ഇയിൽ ആരംഭിക്കും. 19 ന് ആരംഭിക്കുന്ന ഗ്ലാമർ പോരാട്ടത്തിന്റെ കൊട്ടിക്കലാശം നവംബർ എട്ടിന് നടക്കും. ബി.സി.സി.ഐ വൃത്തങ്ങളിൽ നിന്നുള്ള അനൗദ്യോഗിക സ്ഥിരീകരണമാണ് പുറത്തുവന്നത്.
അടുത്ത ആഴ്ച കൂടുന്ന ഐ.പി.എൽ ഗവേർണിങ് മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും.
ഓസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത് ഐ.പി.എൽ നടത്താനാവുമെന്ന് നേരത്തെ ബി.സി.സി.ഐ സൂചന നൽകിയിരുന്നു. ലോകകപ്പ് മാറ്റിവെക്കാൻ ഐ.സി.സി തീരുമാനിച്ചതോടെയാണ് ഐ.പി.എൽ, യു.എ.ഇയിൽ നടത്താൻ തീരുമാനമാവുന്നത്.
കോടികൾ ഒഴുകുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഇൗ വർഷം നടന്നില്ലെങ്കിൽ ബി.സി.സി. ഐക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാവുമെന്നതിനാലാണ് എന്തു വിലകൊടുത്തും ടൂർണമെന്റെ നടത്തുന്നത്. ഏകദേശം 12000 കോടി രൂപ നഷ്ടമാണ് ഐ. പി.എൽ നടന്നില്ലെങ്കിൽ ബി.സി.സി.ഐ ഉണ്ടാകുക.