ചെന്നൈയുടെ പ്രതികാരത്തില്‍ നടുങ്ങി ക്രിക്കറ്റ് ലോകം, കൂറ്റന്‍ ജയം
വയസ്സന്‍ പടയെന്നും വിരമിച്ച് വീട്ടിലിരിക്കേണ്ടവരുടെ ടീമെന്നും ആക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 10 വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയ വഴിയില്‍ തിരിച്ചെത്തിയത്.
കിംഗ്‌സി ഇലവന്‍ പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യമാണ് 17.4 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അനായാസം മറികടന്നത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിനായി നായകന്‍ കെഎല്‍ രാഹുല്‍ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറി നേടി. 52 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 63 റണ്‍സാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ (26), മണ്‍ദീപ് സിംഗ് (27), പൂറാന്‍ (33) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം. 11 റണ്‍സുമായി മാക്‌സ്വെല്ലും 14 റണ്‍സുമായി സര്‍ഫറാസ് ഖാനും പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും ജഡേജയും ചൗളയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി ഓപ്പണര്‍മാര്‍ തന്നെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്നു. പഞ്ചാബ് ബൗളര്‍മാര്‍ പടിച്ച പണി പതിനെട്ടും എടുത്തിട്ടും ചെന്നൈയുടെ കൂട്ടുകെട്ട് തകര്‍ക്കാനായില്ല. ചെന്നൈയ്ക്കായി വാട്‌സണ്‍ 53 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 83 റണ്‍സും ഡുപ്ലെസിസ് 53 പന്തില്‍ 11 ഫോറും ഒരു സിക്‌സും 87 റണ്‍സും എടുത്തു.
ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിജയം എന്ന നേട്ടം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കി.