മെസിയും റൊണാൾഡോയും വീണ്ടും നേർക്കുനേർ, വമ്പൻ പോരാട്ടത്തിന്റെ തീയ്യതി കുറിച്ചു

ലയണൽ മെസിയുടെയും റൊണാൾഡോയുടെയും ആരാധകർക്ക് വലിയ നിരാശ നൽകിയാണ് രണ്ടു പേരും യൂറോപ്പ് വിട്ടത്. റൊണാൾഡോ ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യയിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി പിഎസ്‌ജി കരാർ അവസാനിച്ചപ്പോൾ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് എത്തിയത്. ഇവരുടെ അഭാവം യൂറോപ്യൻ ഫുട്ബോളിൽ വലിയൊരു വിടവ് സൃഷ്‌ടിച്ചുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

രണ്ടു താരങ്ങളും യൂറോപ്പിൽ നിന്നും പോയതോടെ ഇരുവരും നേർക്കുനേർ വരാനുള്ള സാധ്യതകളും കുറഞ്ഞിരുന്നു. അവസാനമായി രണ്ടു താരങ്ങളും ഏറ്റുമുട്ടിയത് കഴിഞ്ഞ ജനുവരിയിൽ പിഎസ്‌ജിയും അൽ നസ്‌റും തമ്മിൽ നടന്ന സൗഹൃദമത്സരത്തിലായിരുന്നു. ആ പോരാട്ടം ഒരു വർഷം പിന്നിടുമ്പോൾ ഒരിക്കൽക്കൂടി റൊണാൾഡോയും മെസിയും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ഇതിന്റെ തീയതികൾ ഇന്റർ മിയാമി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന റിയാദ് കപ്പിലാണ് ലയണൽ മെസിയുടെ ഇന്റർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. ഫെബ്രുവരി ഒന്നിന് റിയാദിൽ വെച്ചാണ് മത്സരം നടക്കുന്നത്. അൽ നസ്റിന് പുറമെ അൽ ഹിലാലുമായും ഇന്റർ മിയാമി മത്സരം കളിക്കുന്നുണ്ട്. മൂന്നു ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന റിയാദ് കപ്പിൽ കൂടുതൽ വിജയം നേടുന്ന ടീമാണ് കിരീടം നേടുക.

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതോടെ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന ലയണൽ മെസിയെ കീഴടക്കി തന്റെ മികവ് ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കാൻ റൊണാൾഡോക്ക് ലഭിച്ച അവസരം കൂടിയാണ് ഈ മത്സരം. ഇന്റർ മിയാമിയെ സംബന്ധിച്ച് പ്രീ സീസൺ എന്ന രീതിയിലാണ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്നതിനാൽ തന്നെ മത്സരത്തിൽ വിജയിക്കാൻ സാധ്യത കൂടുതൽ കെട്ടുറപ്പോടെ കളിക്കുന്ന സൗദി ടീമുകൾ തന്നെയാണ്.

You Might Also Like