മെസിയുടെ രണ്ടു ബാഴ്‌സലോണ സഹതാരങ്ങളെ സ്വന്തമാക്കാൻ ഇന്റർ മിയാമി ഒരുങ്ങുന്നു

ലയണൽ മെസി വന്നതിനു ശേഷം ഇന്റർ മിയാമി മികച്ച കുതിപ്പിലായിരുന്നു. നിരവധി മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ അവർ ആദ്യമായി ഒരു കിരീടവും സ്വന്തമാക്കി. എന്നാൽ മെസി എത്തുന്നതിനു മുൻപുള്ള മോശം പ്രകടനവും മെസിക്ക് പരിക്കേറ്റു പുറത്തിരുന്ന കളികളിലെ തോൽവിയും അവർക്ക് പ്ലേ ഓഫ് യോഗ്യത നഷ്‌ടപ്പെടാൻ കാരണമായി. അതിനാൽ ഈ ശനിയാഴ്‌ച നടക്കുന്ന മത്സരത്തോടെ ഇന്റർ മിയാമിയുടെ ഈ സീസണിന് അവസാനമാകും.

അടുത്ത സീസണിൽ തുടക്കം മുതൽ തന്നെ മെസിയും താരത്തിന്റെ ഒപ്പമെത്തിയ സെർജിയോ ബുസ്‌ക്വറ്റ്‌സും ജോർഡി ആൽബയും ഉണ്ടാകുമെന്നതിനാൽ കൂടുതൽ മികവ് കാണിക്കാമെന്ന പ്രതീക്ഷ ഇന്റർ മിയാമിക്കുണ്ട്. അതിനു പുറമെ പുതിയ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലയണൽ മെസിക്കൊപ്പം ബാഴ്‌സലോണയിൽ കളിച്ചിരുന്ന രണ്ടു താരങ്ങളെ എത്തിക്കാനുള്ള ശ്രമമാണ് ഇന്റർ മിയാമി നടത്തുന്നത്.

ഇന്റർ മിയാമി ടീമിലെത്തിക്കാൻ ശ്രമിക്കുന്ന ഒരു പ്രധാനപ്പെട്ട കളിക്കാരൻ മെസിയുടെ മുൻ ബാഴ്‌സലോണ സഹതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസാണ്. ബ്രസീലിയൻ ക്ലബായ ഗ്രീമിയോയിലാണ് അവസാനമായി സുവാരസ് കളിച്ചത്. അവരുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായ താരത്തെ വരുന്ന സീസണിന് മുന്നോടിയായിത്തന്നെ ടീമിലെത്തിക്കാൻ ഇന്റർ മിയാമിക്ക് കഴിയും. മെസിയും സുവാരസും ഒരുമിച്ച് കളിക്കുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്.

മറ്റൊരു താരം ബാഴ്‌സലോണയിൽ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന സെർജി റോബെർട്ടോയാണ്. നിരവധി താരങ്ങൾക്ക് പരിക്ക് പറ്റിയിട്ടും സാവിയുടെ ബാഴ്‌സലോണയിൽ സ്ഥിരമായി ഇടം ലഭിക്കാൻ താരത്തിന് കഴിയുന്നില്ല. ഈ സീസൺ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന താരം മെസി, ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവരോട് സംസാരിച്ചിട്ടുണ്ട്. ജൂണിൽ കരാർ അവസാനിക്കുന്ന താരം കൂടി ടീമിലെത്തിയാൽ ഇന്റർ മിയാമി കരുത്തുറ്റ ടീമായി മാറുമെന്നതിൽ സംശയമില്ല.

You Might Also Like