മെസിക്ക് കൂട്ടായി ഇനിയേസ്റ്റയും എത്തിയേക്കും, വമ്പൻ പദ്ധതിയുമായി ഇന്റർ മിയാമി

ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസിയുടെ ട്രാൻസ്‌ഫർ ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. ഇനിയും യൂറോപ്പിൽ കുറച്ചു വർഷങ്ങൾ കൂടി മികച്ച ഫോമിൽ കളിക്കാൻ കഴിയുമെന്നിരിക്കെയാണ് ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ മെസി കുടുംബത്തെ പരിഗണിച്ചാണ് ഇന്റർ മിയാമിയിൽ എത്തിയത്.

ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് ചേക്കേറിയതിനു പിന്നാലെ താരത്തിനൊപ്പം കളിച്ചിരുന്ന നിരവധി താരങ്ങളും ക്ലബിലെത്തുമെന്ന വാർത്തകളുണ്ട്. മുൻ ബാഴ്‌സലോണ താരങ്ങളായ ബുസ്‌ക്വറ്റ്സ്, ജോർദി ആൽബ എന്നിവരും മുൻ റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസുമാണ് ഇന്റർ മിയാമിയിലേക്ക് ചേക്കേറുന്നത്. ഇതിൽ ബുസ്‌ക്വറ്റ്സ് ക്ലബിലെത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.

അതിനിടയിൽ അപ്രതീക്ഷിതമായൊരു നീക്കം കൂടി ഇന്റർ മിയാമിയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലയണൽ മെസിയുടെ മറ്റൊരു മുൻ സഹതാരം ആന്ദ്രെസ് ഇനിയേസ്റ്റയെ ടീമിലെത്തിക്കാനുള്ള പദ്ധതിയാണ് ഇന്റർ മിയാമിക്കുള്ളത്. മെസിക്കൊപ്പം നിരവധി വർഷങ്ങൾ ഒരുമിച്ചു കളിച്ച ഇനിയേസ്റ്റക്കായി ഇന്റർ മിയാമി ഓഫർ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബാഴ്‌സലോണ കരിയർ അവസാനിച്ചതിനു ശേഷം ജാപ്പനീസ് ക്ലബായ വീസൽ കൊബെയിലാണ് ഇനിയേസ്റ്റ കളിച്ചിരുന്നത്. അഞ്ചു വർഷം അവർക്ക് വേണ്ടി കളിച്ച താരം ക്ലബ് വിട്ടെങ്കിലും ഇപ്പോഴും ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല. മുപ്പത്തിയൊൻപതുകാരനായ താരത്തിന്റെ അവസാനത്തെ ആട്ടം ലയണൽ മെസിക്കൊപ്പം ആയിരിക്കുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്,

You Might Also Like