ഖത്തർ ലോകകപ്പ് ചരിത്രമായി, ഫുട്ബോളിൽ വിപ്ലവമാറ്റത്തിനൊരുങ്ങി ഫിഫ

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പെന്നു വിളിക്കാവുന്ന ടൂർണമെന്റാണ് ഖത്തറിൽ നടന്നത്. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ തന്നെ പല തവണ ഇക്കാര്യം പറഞ്ഞിരുന്നു. ഇപ്പോൾ ലോകകപ്പിന്റെ വലിയ വിജയം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കാൻ ഫിഫയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇതിലെ പ്രധാനമാറ്റം നാല് വർഷത്തിലൊരിക്കൽ നടന്നിരുന്ന ലോകകപ്പ് മൂന്നു വർഷത്തിലൊരിക്കൽ നടത്തുകയെന്നതാണ്. ഇതിനുള്ള നീക്കങ്ങൾ ഫിഫ ഉടനെ ആരംഭിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നത്.

കായികപരമായും വാണിജ്യപരമായും ഖത്തർ ലോകകപ്പ് വലിയ വിജയമാണ് സൃഷ്‌ടിച്ചത്. കഴിഞ്ഞ റഷ്യൻ ലോകകപ്പിനെ അപേക്ഷിച്ച് 840 മില്യൺ പൗണ്ട് അധികവരുമാനം സൃഷ്‌ടിച്ച ലോകകപ്പ് ഇത്തവണ 6.2 ബില്യൺ യൂറോ വരുമാനമാണ് ഉണ്ടാക്കിയത്. സാധാരണ ജൂൺ മാസങ്ങളിൽ നടത്താറുള്ള ലോകകപ്പ് ഇത്തവണ നവംബർ, ഡിസംബർ മാസങ്ങളിൽ നടത്താനുള്ള തീരുമാനവും വലിയ മാറ്റങ്ങളുണ്ടാക്കി. ഇത് ഫുട്ബോളിനെ കൂടുതൽ ആഗോളീകരിക്കാനുള്ള ഫിഫയുടെ ശ്രമങ്ങൾക്ക് ഊർജ്ജം പകരും.

ഖത്തർ ലോകകപ്പിന്റെ വിജയം ഏഷ്യ അടക്കമുള്ള ഭൂഖണ്ഡങ്ങളിൽ പ്രധാന ടൂർണമെന്റുകൾ നടത്താൻ ഫിഫക്ക് കൂടുതൽ താല്പര്യമുണ്ടാക്കും. നവംബർ, ഡിസംബർ മാസങ്ങളിലെ ലോകകപ്പ് ക്ലബ് സീസണിന്റെ ഇടയിൽ നടക്കുന്നതിനാൽ പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ടൂർണമെന്റിന്റെ ബാധിച്ചില്ല. പരിക്ക് സ്വാഭാവികമായ രീതിയിൽ തന്നെയുണ്ടായപ്പോൾ മത്സരങ്ങളുടെ നിലവാരം വർധിക്കുകയും ചെയ്‌തു.

ലോകകപ്പ് ടൂർണമെന്റുകൾക്കിടയിലെ ദൈർഘ്യം കുറക്കാൻ ഫിഫ നേരത്തെ തന്നെ ശ്രമം നടത്തുന്നുണ്ട്. ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങർ രണ്ടു വര്ഷം കൂടുമ്പോൾ ലോകകപ്പെന്ന പദ്ധതി ഇതിനു മുൻപ് മുന്നോട്ടു വെക്കുകയുണ്ടായി. എന്നാൽ ഇതിനെ വിവിധ കോൺഫെഡറേഷനുകൾ ശക്തമായി എതിർത്തതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതിയും യൂറോ കപ്പ് അടക്കമുള്ള ടൂർണമെന്റുകളെ ബാധിക്കാൻ സാധ്യതയുണ്ട്.

മൂന്നു വർഷത്തിലൊരിക്കൽ ലോകകപ്പെന്ന പദ്ധതി ഫിഫ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും അത് നടപ്പിലാവാൻ 2030 കഴിയും. അതുവരെയുള്ള ഇന്റർനാഷണൽ ടൂർണമെന്റുകൾ ഇപ്പോൾ തന്നെ തീരുമാനമായിട്ടുണ്ട്. ജിയാനി ഇഫാന്റിനോ 2031 വരെ ഫിഫ പ്രസിഡന്റായി തുടരും എന്നതിനാൽ ഫിഫയുടെ ഈ തീരുമാനം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

You Might Also Like