2026 ലോകകപ്പിൽ കളിക്കാൻ ഇന്ത്യക്കു കഴിയുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ

ഇന്ത്യയിലെ ഫുട്ബോൾ സ്നേഹമെന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുത്ത ഒരു ലോകകപ്പാണ് കടന്നു പോയത്. ഖത്തറിൽ ആർത്തിരമ്പിയ ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ കാണികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ആരാധകർക്ക് വലിയ അത്ഭുതമായിരുന്നു. ഫിഫ ഫാൻ ഫെസ്റ്റിവലിൽ വെച്ച് ഇന്ത്യയിലെ ആരാധകർ എവിടെയെന്ന് ഫിഫ പ്രസിഡന്റ് ചോദിച്ചപ്പോൾ ഉയർന്ന ആരവവും അതിനു തെളിവാണ്. ലോകകപ്പ് വിജയം നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക പേജ് ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബോൾ ആരാധകർക്ക് നന്ദി പറയുകയും ചെയ്‌തിരുന്നു.

ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് സന്തോഷം നൽകുന്ന വാർത്തയുമായി എത്തുകയാണ് ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ. 2026ൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീമിന് കളിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. പുതിയതായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ അദ്ദേഹം ആരാധകരുടെ ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുന്ന സമയത്താണ് ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യ 2026 ലോകകപ്പ് കളിക്കുമോയെന്നും ഞങ്ങളത് കാണാൻ കാത്തിരിക്കുന്നുവെന്നുമാണ് ഒരു ആരാധകൻ ചോദിച്ചത്.

“അതിനു കഴിയുമെന്ന് ഞാൻ കരുതുന്നു. 2026 ലോകകപ്പിൽ 32 ടീമുകൾക്ക് പകരം 48 ടീമുകളാണ് കളിക്കുന്നത് എന്നതിനാൽ ഇന്ത്യക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ ആരാധകർക്ക് എനിക്ക് ഉറപ്പു നൽകാൻ കഴിയുന്ന ഒരേയൊരു കാര്യം ഞങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ വളർച്ചക്കായി വലിയ നിക്ഷേപം നടത്തുന്നുണ്ട് എന്നതാണ്. വലിയൊരു രാജ്യമായ ഇന്ത്യയിൽ മികച്ച ഫുട്ബോൾ ടീമും ഫുട്ബോൾ മത്സരങ്ങളും വരേണ്ടത് തീർച്ചയായും ആവശ്യമാണ്.” അദ്ദേഹം ഇൻസ്റ്റഗ്രാം ആസ്‌ക് മി എ സംതിങ് സെഷനിൽ പറഞ്ഞു.

ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് ഇൻഫാന്റിനോയുടെ വാക്കുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫുട്ബോളിലെ എല്ലാ രാജ്യങ്ങളിലും ഒന്നാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. ചെറിയ രാജ്യങ്ങൾക്കും ഫുട്ബോളിൽ കൃത്യമായ ഇടം ലഭിക്കാനുള്ള പ്രയത്നങ്ങളും ഇൻഫാന്റിനോ നടത്തുന്നു. ഫിഫ കൃത്യമായി മേൽനോട്ടം വഹിച്ചാൽ ഇന്ത്യൻ ഫുട്ബോൾ വളർച്ചയുടെ പടവുകൾ താണ്ടുമെന്നതിൽ സംശയമില്ല. 2026 ലോകകപ്പിൽ കളിക്കുന്നത് ഇപ്പോഴും സ്വപ്‌നമാണെങ്കിലും ലോകകപ്പിൽ കളിക്കുകയെന്ന ഇന്ത്യയുടെ സ്വപ്‌നം അത്ര ദൂരത്തല്ല.

You Might Also Like