ഇത് ശുദ്ധ തോന്നിവാസം, അനീതി, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

മെല്‍ബെണ്‍ ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഗൗതം ഗംഭീര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരായ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ഗംഭീറിനെ ചൊടിപ്പിച്ചിരിക്കുന്നത്.

കീപ്പര്‍മാരെ മാറ്റിമാറ്റി പരീക്ഷിക്കാനുള്ള തീരുമാനം താരങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് എത്തിക്കുകയെന്നും ഇത് അനീതിയാണെന്നും ഗംഭീര്‍ ആരോപിച്ചു. ഒരു യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ വിമര്‍ശനം.

‘ഇതു ദൗര്‍ഭാഗ്യകരമാണ്. വൃദ്ധിമാന്‍ സാഹ ആകെ ഒരു ടെസ്റ്റ് മത്സരം മാത്രമാണു കളിച്ചത്. അതില്‍ മികച്ച പ്രകടനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പുറത്താക്കി. ഇനിയുള്ള മത്സരങ്ങളില്‍ പന്തും മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചു നോക്കൂ. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? വീണ്ടും സാഹയെ തന്നെ കളിപ്പിക്കുമോ?’ ഗംഭീര്‍ ചോദിച്ചു.

‘കളിക്കാരെ സുരക്ഷിതമാക്കുന്നതിനു സംസാരമല്ല, പകരം പ്രവര്‍ത്തിക്കുകയാണു വേണ്ടത്. എന്നാല്‍ ടീം മാനേജ്‌മെന്റ് അതില്‍ പരാജയപ്പെട്ടു. ഇതേ കാരണം കൊണ്ടാണ് ടീം സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നത്’ ഗംഭീര്‍ ആരോപിച്ചു.

‘നമ്മളെല്ലാം പിന്തുണയ്ക്കാനുണ്ടെന്ന ഉറപ്പാണ് കായികതാരങ്ങള്‍ക്കു വേണ്ടത്. ഇന്ത്യയല്ലാതെ വേറെ ഒരു ടീമും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിക്കറ്റ് കീപ്പര്‍മാരെ മാറ്റുന്നില്ല. ഇന്ത്യന്‍ ടീം ബോളര്‍മാരോടും ഇതേ കാര്യമാണ് ചെയ്യുന്നത്. വിദേശരാജ്യങ്ങളില്‍ കളിക്കുമ്പോള്‍ സാഹചര്യം നോക്കി രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നു. അതു മനസ്സിലാക്കാം. എന്നാല്‍ കീപ്പര്‍മാരുടെ കാര്യത്തില്‍ വേറെ ഏതു ടീമാണ് ഇങ്ങനെ പരീക്ഷണങ്ങള്‍ നടത്തുന്നത്’ ഗംഭീര്‍ ചോദിച്ചു.

You Might Also Like