അഭിനന്ദനവുമായി ഇന്ത്യൻ ടീമും ആരാധകരും, കുവൈറ്റ് മടങ്ങിയത് മനസു നിറഞ്ഞ്

സാഫ് ചാമ്പ്യൻഷിപ്പിൽ കുവൈറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കി. ബെംഗളൂരുവിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കുവൈറ്റിന് തൊട്ടു പിന്നിലായിരുന്നു ഇന്ത്യയെങ്കിലും കലാശപ്പോരാട്ടത്തിൽ അവരെ കീഴടക്കാൻ കഴിഞ്ഞു. രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്.

ഇന്ത്യയിൽ ഫുട്ബോൾ ആവേശം കൂടി വരുന്നതിന്റെ ലക്ഷണങ്ങൾ കൃത്യമായി കാണിച്ചു തന്ന് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ കാണികൾക്ക് മുന്നിലാണ് ഫൈനൽ നടന്നത്. ആദ്യം മുതൽ അവസാനം വരെ കാണികൾ ഇന്ത്യൻ ടീമിനായി ആർപ്പു വിളിച്ചു. പതിനാലാം മിനുട്ടിൽ ഗോൾ വഴങ്ങേണ്ടി വന്നിട്ടും ഇന്ത്യയെ തിരിച്ചുവരാൻ പ്രേരിപ്പിച്ചത് ആരാധകരുടെ അകമഴിഞ്ഞ പിന്തുണ തന്നെയാണ്.

മത്സരത്തിൽ ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച കുവൈറ്റും ആരാധകരുടെ അഭിനന്ദനം വാങ്ങിയാണ് സ്റ്റേഡിയം വിട്ടത്. ആദ്യം ഇന്ത്യൻ ടീമിലെ താരങ്ങൾ ഒരുമിച്ച് കുവൈറ്റ് ടീമിന് അഭിനന്ദനം നൽകി. അതിനു ശേഷം ആരാധകർ ഒന്നടങ്കം കയ്യടിച്ച് ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചു. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ഇത് കുവൈറ്റിന് സന്തോഷം നൽകുന്ന കാര്യമായിരുന്നു.

ഫിഫ റാങ്കിങ്ങിൽ ഇരുപത്തിനാലാം സ്ഥാനത്തു വരെയെത്തിയ ചരിത്രമുള്ള കുവൈറ്റ് മികച്ച ടീമാണ്. അവർക്കെതിരെ നേടിയ വിജയം ഇന്ത്യൻ ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. ഈ വർഷത്തിൽ മൂന്നാമത്തെ കിരീടമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഇത് ഇത്യൻ ഫുട്ബോളിനും ഉണർവ് നൽകുന്നു.

You Might Also Like