ഇന്ത്യയുടെ ചതുര്‍മുഖങ്ങള്‍, വീഴ്ത്തിയത് 853 വിക്കറ്റ്!

Image 3
CricketTeam India

സുരേഷ് വാരിയത്ത്

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബുധി കുന്ദേരനും, കരിയറില്‍ ഒമ്പത് ടെസ്റ്റ് കളിച്ച് മൂന്ന് വിക്കറ്റ് മാത്രം സ്വന്തമായുള്ള അദ്ദേഹത്തിന്റെ മൈസൂര്‍ ടീം ക്യാപ്റ്റന്‍ വി.സുബ്രഹ്മണ്യയും ന്യൂ ബോള്‍ എടുക്കുന്ന ഒരു അന്താരാഷ്ട്ര ടെസ്റ്റ് ടീമിന് എതിര്‍ ബാറ്റിങ് നിരയില്‍ നാശം വിതക്കാമെന്ന വലിയ മോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങളോളം, കൃത്യമായി പറഞ്ഞാല്‍ കപിലിനെപ്പോലൊരു യഥാര്‍ത്ഥ പേസ് ബൗളര്‍ വരുന്നതു വരെ വഡേക്കര്‍ ,ഗാവസ്‌കര്‍ ,സോള്‍ക്കര്‍ , അമര്‍നാഥ് ഇവരൊക്കെത്തന്നെയും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു വേണ്ടി ആദ്യ ഓവറുകളില്‍ പന്തിന്റെ തിളക്കം കളയുന്ന ജോലി ഭംഗിയായി ചെയ്തു പോന്നു..

കഴിഞ്ഞ ഇന്ത്യാ X ഇംഗ്ലണ്ട് ഏകദിന സീരീസില്‍ അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ കോഹ്ലി ഇന്നിംഗ്‌സിന്റെ 46 ഓവറും പേസര്‍മാരെ ഉപയോഗിച്ചത് ഒരു പാട് ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ലെഫ്റ്റ് ആം സ്പിന്നറായ ക്രുണാല്‍ പാണ്ഡ്യ ഫലപ്രദമാവാതിരുന്നതിനാല്‍ വെറും നാലോവര്‍ മാത്രമാണ് അദ്ദേഹത്തിന് നല്‍കിയത്………

1960കളിലും 70 കളിലും ലോക ക്രിക്കറ്റ് അടക്കിവാണ ഇന്ത്യന്‍ സ്പിന്‍ വസന്തങ്ങള്‍ പിന്നീട് ശാസ്ത്രി – മനീന്ദര്‍ – ശിവലാല്‍ യാദവ് – അര്‍ഷദ് അയൂബ് – ഹിര്‍വാനി- കുംബ്ലെ – രാജു – ചൗഹാന്‍ -ഹര്‍ഭജന്‍ കാലഘട്ടം പിന്നിട്ട് അശ്വിന്‍ – ജഡേജ – അക്‌സര്‍- കുല്‍ദീപ് – ചഹല്‍ സമവാക്യങ്ങളിലെത്തുമ്പോഴേക്കും ഇന്ത്യന്‍ പേസ് വിഭാഗം ഒരുപാട് മുന്നേറിക്കഴിഞ്ഞു.

അറുപതുകളിലെ ഒരിന്ത്യന്‍ അപൂര്‍വ്വത

1967 ലെ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം…. മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആദ്യ രണ്ട് കളിയും തോറ്റതിനാല്‍ത്തന്നെ മൂന്നാം ടെസ്റ്റ് സമനിലയെങ്കിലുമാക്കി രക്ഷപ്പെടണമെന്നാവും ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടോഡി ആഗ്രഹിച്ചിട്ടുണ്ടാവുക. സ്പിന്‍ കളിക്കാനുള്ള ഇംഗ്ലീഷ്‌കാരുടെ ദൗര്‍ബല്യം കണക്കിലെടുത്താവാം, ലെഫ്റ്റ് ആം മീഡിയം പേസര്‍ റൂസി സുര്‍ത്തിക്കു പകരം വെങ്കട് രാഘവന്‍ ബിഷന്‍ ബേദിക്കും എറാപ്പള്ളി പ്രസന്നക്കും ചന്ദ്രശേഖറിനുമൊപ്പം മൈതാനത്തിറങ്ങി. ഇന്നുവരെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍, എക്കാലവും സ്പിന്‍ ശക്തികളായ ഇന്ത്യ അതിന് മുമ്പോ പിമ്പോ നാലു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഒരു മത്സരത്തിലും കളിപ്പിച്ചിട്ടില്ല.

ആദ്യ ഇന്നിംഗ്‌സില്‍ 298 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ ഒമ്പത് വിക്കറ്റുകളും ഈ സ്പിന്‍ മാന്ത്രികര്‍ പങ്കിട്ടെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഡേവിഡ് ബ്രൗണ്‍ റണ്ണൗട്ടായി. ഒരാള്‍ പോലും ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കാത്ത ഇന്ത്യന്‍ ബാറ്റിങ്ങ് നിര വെറും 92 ന് ഓള്‍ ഔട്ടായി. രണ്ടാമിന്നിംഗ്‌സിലും കഥ പഴയപടി തന്നെയായിരുന്നു……..

203 റണ്‍സിന് ഇംഗ്ലണ്ടിനെ ഓള്‍ ഔട്ടാക്കുമ്പോള്‍ ഒമ്പത് വിക്കറ്റുകളും നേടിയത് ബേദി – പ്രസന്ന – ചന്ദ്ര ടീം തന്നെ . വെങ്കട്‌നു വിക്കറ്റൊന്നും ലഭിച്ചില്ല……. രണ്ടാമിന്നിംഗ്‌സില്‍ 70 റണ്‍സ് നേടിയ അജിത് വഡേക്കറിന്റെ നേതൃത്വത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചു കൂടി ഉത്തരവാദിത്തം കാണിച്ചെങ്കിലും ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിങ് തകര്‍ച്ചക്കു വിലയായി നല്‍കേണ്ടി വന്നത് 132 റണ്‍സ് പരാജയമായിരുന്നു.

അറുപതുകളിലും 70 കളിലും ലോക ക്രിക്കറ്റില്‍ നിറഞ്ഞാടിയ ഈ ചതുര്‍മുഖങ്ങള്‍ പിന്നീടൊരിക്കലും ഇന്ത്യക്ക് വേണ്ടി ഒന്നിച്ച് കളിച്ചിട്ടില്ല . 853 ടെസ്റ്റ് വിക്കറ്റുകളാണ് ഇവര്‍ ഇന്ത്യക്കു വേണ്ടി വീഴ്ത്തിയത്.

കടപ്പാട്: സ്‌പോട്‌സ് ഇന്‍ഫോ മലയാളം