വേട്ടപ്പട്ടികള്‍ കുരക്കട്ടെ, ടീമിലെ അവിഭാജ്യഘടകമാണ് അവന്‍, തുറന്നടിച്ച് കോഹ്ലി

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ അനാവശ്യമായി വേട്ടയാടുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. പൂജാരയെ പോലെ ഇത്ര കഴിവും അനുഭവ സമ്പത്തുമുളള താരത്തെ വിമര്‍ശകര്‍ വെറുതേ വിടണമെന്നാണ് കോഹ്ലി ആവശ്യപ്പെടുന്നത്.

പൂജാരയുടെ ബാറ്റിങ് ശൈലിയെയും ഒപ്പം അദ്ദേഹം കാഴ്ചവെക്കുന്ന സ്ലോ ബാറ്റിങ് പ്രകടനങ്ങളെ കുറിച്ചുമുള്ള ചോദ്യത്തിനാണ് കോഹ്ലി ഉത്തരം പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലിയുടെ പൂജാരയെ കുറിച്ചുളള പ്രതികരണം.

പൂജാര ഇന്ത്യന്‍ ടീമിന്റെ സൂപ്പര്‍ താരമാണെന്ന് വ്യക്തമാക്കിയ കോഹ്ലി അദേഹത്തിന്റെ ബാറ്റിങ് ഓര്‍ഡര്‍ അടക്കം മാറ്റുവാന്‍ ടീമിനുള്ളില്‍ പോലും ആരും ആഗ്രഹിക്കുന്നില്ലെന്നും തുറന്ന് പറഞ്ഞു.

‘ഈ വിഷയത്തിലുള്ള ചര്‍ച്ച ആരംഭിച്ചിട്ട് ഇതിനകം കുറേ കാലമായി കഴിഞ്ഞു. എന്റെ ഉറച്ച വിശ്വാസം പൂജാരയെ പോലെ ഇത്ര കഴിവും അനുഭവ സമ്പത്തുമുളള ഒരു താരത്തെ നിങ്ങള്‍ വെറുതേ വിടണം എന്നാണ്’ കോഹ്ലി പറഞ്ഞു.

‘പൂജാരയുടെ സ്‌ട്രൈക്ക് റേറ്റ് ഇന്ത്യന്‍ ടീമിനും ഒരുതരം ആശങ്കയും നല്‍കുന്നില്ല. പുറമേ നിന്ന് ആര്‍ക്കും എന്തും പറയാമെങ്കിലും ടീമിലെ എല്ലാ താരങ്ങള്‍ക്കും അവരുടെ സ്വന്തം ഗെയിംപ്ലാനിന് അനുസരിച്ച് കളിക്കാനുള്ള അവസരം നല്‍കണം. ഇത്തരത്തിലുള്ള ഒരു വിമര്‍ശനം അനാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും പൂജാര ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം’ കോഹ്ലി വ്യക്തമാക്കി.

അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ഓഗസ്റ്റ് ട്രെന്റ് ബ്രിഡ്ജാണ് വേദി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.

You Might Also Like