ഏഷ്യൻ ഗെയിംസിന് ഇന്ത്യൻ ഫുട്ബോൾ ടീമില്ല, കായികമന്ത്രാലയവും എഐഎഫ്എഫും രണ്ടു തട്ടിൽ

ഇന്ത്യൻ ഫുട്ബോൾ ടീം മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഈ വർഷം കളിച്ച മൂന്നു ടൂർണമെന്റുകളിലും അവർ കിരീടം സ്വന്തമാക്കി. ഇന്ത്യൻ ഫുട്ബോൾ ടീമിനെ കൂടുതൽ മെച്ചപ്പെടുത്താൻ ഇന്ത്യയിൽ മാത്രം മത്സരങ്ങൾ കളിപ്പിക്കുന്നതിനു പകരം മറ്റു രാജ്യങ്ങളിൽ കൂടുതൽ മികച്ച ടീമിനെതിരെ കളിപ്പിക്കണമെന്ന് പരിശീലകൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

എന്നാൽ അതിനു നേരെ വിരുദ്ധമായ നിലപാടാണ് ഇന്ത്യൻ സ്പോർട്ട്സ് മിനിസ്ട്രിയുടെതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സെപ്‌തംബർ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം പങ്കെടുക്കേണ്ടെന്ന തീരുമാനമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സ്വീകരിച്ചിരിക്കുന്നത്.

ഏഷ്യൻ ഗെയിംസിൽ ടീം ഇനങ്ങളിൽ പങ്കെടുക്കാൻ ഏഷ്യൻ റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തിനുള്ളിൽ ഉണ്ടാകണം എന്ന മാനദണ്ഡമാണ് മന്ത്രാലയം നൽകുന്നത്. എന്നാൽ ഇന്ത്യയുടെ നിലവിലെ ഏഷ്യൻ റാങ്കിങ് പതിനെട്ടാണ്. അതിനാൽ ടീമിനെ അയക്കാൻ പറ്റില്ലെന്നാണ് മന്ത്രാലയം പറയുന്നത്. എന്നാൽ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപരിശോധിക്കാനുള്ള സമ്മർദ്ദം ചെലുത്തുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നു.

അണ്ടർ 23 താരങ്ങളെയാണ് ഏഷ്യൻ ഗെയിംസിൽ കളിപ്പിക്കുക. അണ്ടർ 23 അല്ലാത്ത മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയും. നിലവിൽ ഫുട്ബോളിന്റെ എല്ലാ കാറ്റഗറിയിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഏഷ്യൻ ഗെയിംസ് പോലെയുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് ഫുട്ബോളിന്റെ വളർച്ചക്ക് ഗുണമേ ചെയ്യൂവെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like