ലങ്കയിലേക്ക് വരാതെ ഒരു പ്രധാന ഇന്ത്യന്‍ താരം, ആശങ്ക ഇരട്ടിക്കുന്നു

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലെത്തി. ബംഗളൂരുവില്‍ ആറ് ദിവസത്തെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ഇ്ന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ തലസ്ഥാനമായി കൊളംമ്പോയില്‍ വിമാനമിറങ്ങിയത്. രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയിലുള്ള 17 അംഗ സ്‌ക്വാഡിലെ 16 താരങ്ങളാണ് ശ്രീലങ്കയിലെത്തിയിരിക്കുന്നത്. ബാക്ക് അപ്പ് പ്ലെയറായ സഞ്ജു സാംസണും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

ടീമിലെ പ്രധാന താരങ്ങളിലൊരാളായ കെഎല്‍ രാഹുല്‍ ബംഗളൂരുവിലെ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരുകയാണ്. പരിക്ക് പൂര്‍ണ്ണമായും മാറാത്ത പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ പ്രത്യേക പരിചരണത്തിലാണ് രാഹുല്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ രാഹുല്‍ കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനും നേപ്പാളിനും എതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ രാഹുലിന് നഷ്ടമാകും എന്ന് ഇന്നലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചിരുന്നു. കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ കളിക്കുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ നാലിനാണ് ബിസിസിഐ മെഡിക്കല്‍ സംഘം തീരുമാനം കൈക്കൊള്ളുക.

ഇന്ത്യന്‍ ടീമിന്റെ ലങ്കയിലേക്കുള്ള വരവിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാന്‍ഡിയില്‍ സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാന് എതിരായാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം പരിക്ക് മാറി ശ്രേയസ് അയ്യര്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ടീമിന് കൃത്യമായ തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ)

 

You Might Also Like