മൂന്നാം ടി20യില്‍ സഞ്ജു കളിയ്ക്കും, പുതിയ സമയം പ്രഖ്യാപിച്ചു

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും വൈകും. പരമ്പരയിലെ രണ്ടാമത്തെ മത്സരം തുടങ്ങാന്‍ വൈകിയതാണ് ഇന്നത്തെ മത്സരത്തെയും ബാധിക്കുന്നത്. മൂന്നാം ടി20 ഒന്നര മണിക്കൂര്‍ വൈകിയാകും തുടങ്ങുക. രാത്രി എട്ടിന് തുടങ്ങേണ്ട മത്സരം 9.30നായിരിക്കും ആരംഭിക്കുക.

ഒരു ദിവസത്തിന്റെ ഇടവേള പോലും ഇല്ലാത്ത മത്സരത്തില്‍ താരങ്ങള്‍ക്ക് ആവശ്യത്തിനു വിശ്രമം നല്‍കുന്നതിന് വേണ്ടിയാണ് മത്സരസമയത്തില്‍ മാറ്റം വരുത്തിയത്. കളിക്കാരുടെ കിറ്റെത്താന്‍ വൈകിയതിനെ തുടര്‍ന്നാണ് രണ്ടാം മത്സരം വൈകിയത്. ഒന്നാം മത്സരം നടന്ന ട്രിനിഡാഡില്‍ നിന്നും രണ്ടാം മത്സരവേദിയായ സെന്റ് കിറ്റ്‌സിലേക്ക് താരങ്ങളുടെ കിറ്റെത്തിക്കുന്ന കാര്യത്തിലാണ് താമസമുണ്ടായത്.

വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വന്ന പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30ന് (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 8 മണി) തുടങ്ങേണ്ട മത്സരം മൂന്ന് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. തങ്ങളുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാരണത്താലാണ് ലഗേജ് വൈകിയതെന്നും ഇക്കാര്യത്തില്‍ ആരാധധകരോടും സ്‌പോണ്‍സേഴ്‌സിനോടും ക്ഷമ ചോദിക്കുന്നുവെന്നും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരയിലെ സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജു ഇന്നെങ്കിലും കളിക്കാന്‍ ഇറങ്ങുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ശ്രേയസ് അയ്യരിന് പകരം സഞ്ജു ടീമില്‍ ഇടം നേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് വിശ്രമം അനുവദിക്കാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ദീപക് ഹൂഡയും ടീമില്‍ ഇടംപിടിയ്ക്കും.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138 റണ്‍സിന് ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ വിന്‍ഡീസ് നാല് പന്ത് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. പരമ്പരയില്‍ വിന്‍ഡീസ് 1-1ന് ഒപ്പമെത്തി.