നേപ്പാളിനെ ഇന്ത്യ ദത്തെടുക്കണം, രഞ്ജിയില്‍ അവരെ കളിപ്പിക്കണം, നിര്‍ദേശവുമായി ഇന്ത്യന്‍ താരം

ഏഷ്യാ കപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്കെതിരെ കളിക്കുകയും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്ത നേപ്പാള്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ ആകാശ് ചോപ്ര. നേപ്പാളിലെ ക്രിക്കറ്റ് വളരേണ്ടത് ഇന്ത്യ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ഇതിനായി ആ ടീമിനെ ‘ദത്തെടുക്കണമെന്നും’ ആണ് ചോപ്ര പറയുന്നത.് ട്വിറ്ററിലൂടെയാണ് ആകാശ് ചോപ്ര ശ്രദ്ധേയമായ നീരീക്ഷണം.

‘ഇന്ത്യ നേപ്പാള്‍ ക്രിക്കറ്റിനെ ഏറ്റെടുക്കുകയും അവരെ അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം വഹിക്കുകയും വേണം. ഇന്ത്യയുടെ എ ടീമിനെ നേപ്പാളിലേക്ക് അയക്കുക. കൂടാതെ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഘടനയില്‍ അവരെ ഉള്‍പ്പെടുത്തുകയും ചെയ്യുക. (ഇന്ത്യ-എ വിന്‍ഡീസില്‍ ഒരു മുഴുവന്‍ ഫസ്റ്റ് ക്ലാസ് സീസണ്‍ കളിച്ചത് ഞാന്‍ ഓര്‍ക്കുന്നു). നേപ്പാളുകാരുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം സമാനതകളില്ലാത്തതാണ്… കൂടാതെ അവര്‍ക്കും കഴിവുമുണ്ട്’ ആകാശ് ചോപ്ര പറയുന്നു,

 

ഇന്ത്യയ്‌ക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് നേപ്പാള്‍ പുറത്തെടുത്തത്. വിഖ്യാതമായ ഇന്ത്യന്‍ ബൗളിംഗ് നിരയെ ധീരമായി നേരിട്ട നേപ്പാള്‍ താരങ്ങള്‍ ആദ്യം ബാറ്റു ചെയ്ത്് 48.2 ഓവറില്‍ 230 റണ്‍സാണ് സ്വന്തമാക്കിയത്. ആസിഫ് ഷെയ്ഖ് (58), സോംപാല്‍ കാമി (48), കുശാല്‍ ഭര്‍ട്ടല്‍ (25 പന്തില്‍ 38) എന്നിവരുടെ മികച്ച പ്രകടനമാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതമെടുത്തു. ഫീല്‍ഡിങ്ങില്‍ മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യ, ആദ്യ 5 ഓവറിനിടെ 3 ക്യാച്ചുകളാണ് കൈവിട്ടത്.

എന്നാല്‍ ബാറ്റിംഗില്‍ ഇന്ത്യ കസറി. 10 വിക്കറ്റിന്റെ സമ്പൂര്‍ണ്ണ ജയം ആണ് ഇന്ത്യ സ്ന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നു.

മഴ കളിച്ച മത്സരത്തില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടേയും ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ആധികാരിക വിജയമൊരുക്കിയത്. നായകന്‍ രോഹിത് ശര്‍മ്മ 74 റണ്‍സും ഗില്‍ 67 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ 230 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. തുടര്‍ന്ന് 231 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ രസംകൊല്ലിയായി മഴ കളിമുടക്കി.

ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചു. രോഹിതിന്റെയും ഗില്ലിന്റെയും കരുത്തില്‍ ഇന്ത്യ 20.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.

 

You Might Also Like