ഇന്ത്യയേക്കാള്‍ മികച്ച ടീം മുംബൈ ഇന്ത്യന്‍സെന്ന് ഇംഗ്ലീഷ് നായകന്‍, ചുട്ടമറുപടിയുമായി ഇന്ത്യന്‍ താരം

ഐപിഎല്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സ് ടീം ഇന്ത്യയേക്കാള്‍ മികച്ച ടീമെന്ന് പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. ഇന്ത്യയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ ഇന്ത്യന്‍ ടീമിനെ പരിഹസിച്ചത്.

എന്നാല്‍ വോണിന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ തന്നെ മറുപടി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ട്വിറ്ററിലൂടെയാണ് വോണ്‍ ഇന്ത്യയ്‌ക്കെതിരെ പരിഹാസം ചൊരിഞ്ഞത്. എന്നാല്‍ ട്വിറ്ററിലൂടെ തന്നെയാണ് ജാഫര്‍ മറുപടിയുമായെത്തിയത്. എല്ലാ ടീമുകള്‍ക്കും നാല് വിദേശ താരങ്ങളെ കളിപ്പിക്കാനുള്ള ഭാഗ്യമുണ്ടാകില്ലയെന്നായിരുന്നു മൈക്കല്‍ വോണിന് വസിം ജാഫര്‍ നല്‍കിയ ചുട്ട മറുപടി.

നിലവിലെ ഇംഗ്ലണ്ട് ടീമില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, ജേണ്‍ റോയ് തുടങ്ങിയ താരങ്ങള്‍ മറ്റു രാജ്യക്കാരാണ്. ഇതാണ് ജാഫര്‍ സൂചിപ്പിച്ചത്.

മത്സരത്തില്‍ 48 പന്തില്‍ 67 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോഫ്രാ ആര്‍ച്ചറാണ് മാന്‍ ഓഫ് ദി മാച്ച്.

വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ന് മുന്‍പിലെത്തി. മാര്‍ച്ച് 14ന് ഇതേ വേദിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

You Might Also Like