കോഹ്ലിയുടെ ഭീഷണി ഫലം കണ്ടു, ടീം ഇന്ത്യയുടെ നിര്‍ണ്ണായക ആവശ്യം അംഗീകരിച്ച് ബിസിസിഐ

ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങാനായി സന്നാഹ മത്സരം കളിക്കാന്‍ അനുമതി ലഭിച്ച് ടീം ഇന്ത്യ. ബിസിസിഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സന്നാഹമല്‍സരം ഒരുക്കുന്നത്. മൂന്ന് ദിവസം നീളുന്ന മത്സരമാണ് ഇസിബി സംഘടിപ്പിക്കുന്നത്.

ഈ മാസം 20 മുതല്‍ 22 വരെയായിരിക്കും മത്സരമെന്നാണ് അറിയാന്‍ കഴിയുന്നത്. ആര്‍ക്കെതിരെയാണ് ഇന്ത്യ കളിയ്ക്കുക എന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. വൈകാതെ ഈ വിവരവും ലഭ്യമാകും,

ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ആദ്യ രണ്ടു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരങ്ങള്‍ കളിക്കാനായിരിക്കും ഇന്ത്യ ആലോചിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ടീമിനു ഗുണം ചെയ്യുക സന്നാഹ മല്‍സരമാണെന്നു വ്യക്തമായതോടെ ടീം മാനേജ്മെന്റ് ഇക്കാര്യം ബിസിസിഐ അറിയിക്കുകയായിരുന്നു. സന്നാഹമൊരുക്കാന്‍ ബിസിസിഐ ഇസിബിയോടു അഭ്യര്‍ഥിക്കിക്കുകയും ചെയ്യുകയായിരുന്നു.

നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനു മുമ്പ് ഇന്ത്യ സന്നാഹ മല്‍സരങ്ങളൊന്നും കളിച്ചിരുന്നില്ല. ഒരു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം മാത്രമേ ടീമിനുണ്ടായിരുന്നുള്ളൂ. മതിയായ തയ്യാറെടുപ്പിലാതെ ഫൈനലില്‍ കളിച്ചത് ഇന്ത്യക്കു കനത്ത തിരിച്ചടിയായി മാറി. എട്ടു വിക്കറ്റിന്റെ വന്‍ പരാജയം ഇന്ത്യക്കു നേരിടുകയും ചെയ്തു. ന്യൂസിലാന്‍ഡാവട്ടെ ഫൈനലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ചിരുന്നു.

ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുമ്പ് ഒരു സന്നാഹമല്‍സരങ്ങള്‍ ടീമിനു ആവശ്യമാണെമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ തങ്ങള്‍ക്കു അതു അനുവദിച്ചു തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് ഇംഗ്ലീഷ് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരം തയ്യാറാക്കാന്‍ ബിസിസിഐ തയ്യാറായത്.

അതേസമയം, ടെസ്റ്റ് പരമ്പരയില്‍ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ സേവനം ഇന്ത്യക്കു ലഭിക്കില്ല. ന്യൂസിലാന്‍ഡിനെതിരായ ഫൈനലിനിടെയേറ്റ പരിക്കു കാരണമാണിത്. ചുരുങ്ങിയത് എട്ടാഴ്ചയെങ്കിലും ഗില്ലിനു വിശ്രമം വേണ്ടി വന്നേക്കും. ഇതോടെ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി മായങ്ക് അഗര്‍വാള്‍ എത്തിയേക്കുമെന്നാണ് സൂചനകള്‍. കെഎല്‍ രാഹുലിന്റെ പേരും ഓപ്പണിങ് സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

You Might Also Like