കോഹ്ലി സ്വാര്‍ത്ഥനല്ലാത്ത നായകനായി വളര്‍ന്നിരിക്കുന്നു, ചങ്കുപിളര്‍ത്തി രക്തം കുടിയ്ക്കുന്ന ടീം ഇന്ത്യയെ കുറെ നാളായി മിസ് ചെയ്തിരുന്നു

കെ നന്ദകുമാര്‍ പിള്ള
കഴിഞ്ഞ കളിയെക്കുറിച്ച് എഴുതി എവിടെ നിര്‍ത്തിയോ അവിടുന്ന് തുടങ്ങാം. ഈ ഇന്ത്യയെ മിസ് ചെയ്യുകയായിരുന്നു കുറെ നാളായിട്ട്. എതിരാളികളെ തച്ചു തകര്‍ക്കുന്ന ഇന്ത്യ. ഓപ്പണേഴ്സ് നല്‍കുന്ന മികച്ച തുടക്കത്തിന്റെ ചിറകിലേറി വന്‍ സ്‌കോറിലേക്ക് കുതിക്കുന്ന ഇന്ത്യ. എതിരാളികളെ വരിഞ്ഞു മുറുക്കുന്ന ബൗളര്‍മാര്‍. ബിഗ് മാര്‍ജിനില്‍ ഒരു വിജയം. മുന്‍പ്, ഏതു സീരീസിലും ഇങ്ങനൊരു വിജയം ഇന്ത്യ നേടിയിരുന്നു. കുറെ നാളുകളായി അത് അകന്നു നില്‍ക്കുകയായിരുന്നു. ആ കുറവാണ് കോഹ്ലിയും കൂട്ടുകാരും ചേര്‍ന്ന് ഇന്ന് നികത്തിയത്.
തീരുമാനിച്ചുറപ്പിച്ചാണ് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ബാറ്റിങ്ങിന് ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ മിഡില്‍ ചെയ്തു തുടങ്ങിയ രോഹിതിന് വേണ്ടി, കോഹ്ലി സപ്പോര്‍ട്ടീവ് റോള്‍ കളിച്ചത്, സ്വാര്‍ത്ഥയില്ലായ്മയുടെ മനോഹര മുഹൂര്‍ത്തമായിരുന്നു. ക്യാപ്റ്റന്‍ നല്‍കിയ പിന്തുണയില്‍ കത്തിക്കയറിയ ഹിറ്റ്മാന്‍ സീരീസിലാദ്യമായി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ഒരു നിമിഷത്തെ അശ്രദ്ധ ഇല്ലായിരുന്നെങ്കില്‍ സെഞ്ചുറിയിലെ അവസാനിക്കുമായിരുന്നുള്ളു ആ ഇന്നിംഗ്‌സ്.
രോഹിതിന് മാത്രമല്ല, സൂര്യകുമാറിനും അതെ പിന്തുണ നല്‍കി ക്യാപ്റ്റന്‍. സൂര്യ തന്റെ ഫോമിന്റെ ഉന്നതിയിലാണെന്ന് നിസംശയം പറയാം. അദ്ദേഹം കളിക്കുന്ന സാഹസിക ഷോട്ടുകള്‍ അതിന് ഉദാഹരണങ്ങളാണ്. അത് അമിത് ആത്മവിശ്വാസം ആകാതെ അദ്ദേഹം സൂക്ഷിക്കും എന്ന് കരുതാം. എന്തുകൊണ്ടും ടീമിന് ഒരു മുതല്‍ക്കൂട്ടാണ് സൂര്യ.
പാണ്ട്യയില്‍ നിന്നും ഒരു മികച്ച ഇന്നിംഗ്‌സ് വെയിറ്റിങ്ങില്‍ ആയിരുന്നു. ആ കാത്തിരിപ്പിനും ഇന്ന് അവസാനമായി. ആദ്യ 10 ഓവര്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍ എവിടെ എത്തുമെന്നാണോ പ്രതീക്ഷിച്ചത് കൃത്യമായി അവിടെ തന്നെ എത്തിക്കാന്‍ കോഹ്ലി – പാണ്ട്യ കൂട്ടുകെട്ടിന് സാധിച്ചു. പരസ്പരം സപ്പോര്‍ട്ട് ചെയ്ത് മുന്നേറിയ പാര്‍ട്ണര്‍ഷിപ്. 36 പന്തില്‍ 50 തികച്ച കോഹ്ലി, അടുത്ത 16 പന്തില്‍ നേടിയത് 30 റണ്‍സ്. രോഹിത്, സൂര്യ, പാണ്ട്യ ഇവര്‍ക്കായി സപ്പോര്‍ട്ടീവ് റോള്‍ കളിച്ചില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു സെഞ്ച്വറി കൊഹ്ലിക്കും അപ്രാപ്യമായിരുന്നില്ല. പക്ഷെ താന്‍ ഒരു ടീം മാന് ആണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.
ആദ്യ ഓവറില്‍ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മലാന്‍ – ബട്ട്‌ലര്‍ സഖ്യം കളി തിരിച്ചു പിടിച്ചു. ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തിയ അവരുടെ കൂട്ടുകെട്ട് നല്ല രീതിയിലാണ് 11 ആം ഓവര്‍ വരെ കളി നിയന്ത്രിച്ചത്. രാഹുല്‍ ചഹാര്‍ എറിഞ്ഞ 12 ആം ഓവറിലാണ് ഇന്ത്യക്ക് ചെറിയ രീതിയില്‍ കളിയുടെ കടിഞ്ഞാണ്‍ തിരിച്ചു കിട്ടിയത്. അടുത്ത ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ വേരിയേഷനുകളിലൂടെ ബാറ്റ്സ്മാന്‍മാരെ പിടിച്ചു കെട്ടി എന്ന് മാത്രമല്ല, അപകടകാരിയായ ബട്ട്‌ലറെ പുറത്താക്കുകയും ചെയ്തു. വെറും 3 റണ്‍സ് ആണ്‍ ആ ഓവറില്‍ ഭുവനേശ്വര്‍ വിട്ടു കൊടുത്തത്. അവിടെ തുടങ്ങി ഇംഗ്ലണ്ടിന്റെ പതനം. പിന്നീട് അവര്‍ക്കൊരു തിരിച്ചു വരവ് സാധ്യമായില്ല. അടുത്ത ഓവര്‍ ഹാര്‍ദിക് 6 റണ്ണില്‍ ഒതുക്കിയതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.
ഷാര്‍ഡുള്‍ താക്കൂറിനെപ്പോലെ നക്കിള്‍ ബോള്‍ ഇത്രയും മനോഹരമായി ഉപയോഗിക്കുന്ന മറ്റൊരു ബൗളര്‍ ലോക ക്രിക്കറ്റില്‍ ഉണ്ടോ? എത്ര വിക്കറ്റുകളാണ് ആ സ്‌പെഷ്യല്‍ ബോളിലൂടെ താക്കൂര്‍ നേടിയിരിക്കുന്നത്. എല്ലാത്തരത്തിലും ടീമിനൊരു മുതല്‍ കൂട്ടാണ് ഷാര്‍ഡുള്‍ താക്കൂര്‍.
225 റണ്‍സ് പിന്തുടരുന്നൊരു മത്സരത്തില്‍ നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ്.. മറ്റൊരു ഭുവനേശ്വര്‍ ക്ലാസിക്. പാണ്ട്യയും നടരാജനും മോശമാക്കിയില്ല. തീര്‍ച്ചയായും കുറെ നാളെക്കെങ്കിലും മനസ്സില്‍ മായാതെ നില്‍ക്കുന്ന സുന്ദരമായ ഒരു വിജയം. അഭിനന്ദനങ്ങള്‍ ടീം ഇന്ത്യ
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍