അയ്യോ ഇതെന്തൊരു പിച്ച്, സ്വയം കുഴിച്ച കുഴില്‍ ഇന്ത്യ വീണു, പിന്നാലെ ഇംഗ്ലണ്ടും

ഇംഗ്ലണ്ടിനെതിരെ നിര്‍ണായക പിങ്ക് ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 33 റണ്‍സ് മാത്രം ലീഡ്. മൂന്നിന് 99 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 46 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും അവസാന ഏഴ് വിക്കറ്റും നഷ്ടമാകുകയായിരുന്നു.

6.2 ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോ റൂട്ടും 20 ഓവറില്‍ 54 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

ഇന്ത്യയ്ക്കായി 66 റണ്‍സെടുത്ത രോഹിത്ത് ശര്‍മ്മയാണ് ടോപ് സ്‌കോര്‍. 17 റണ്‍സെടുത്ത് അശ്വിനും 10 റണ്‍സെടുത്ത് ഇഷാന്ത് ശര്‍മ്മയും പിടിച്ച് നിന്നു. രഹാന (ഏഴ്), പന്ത് (ഒന്ന്), വാഷിംഗ്ടണ്‍ സുന്ദര്‍ (0), അക്‌സര്‍ പട്ടേല്‍ (0), ജസ്പ്രിത് ഭുംറ (1) എന്നിങ്ങനെയാണ് ഇന്ന് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

നേരത്തെ കോഹ്ലി (27), ഗില്‍ (11) എന്നിവര്‍ പിടിച്ച് നിന്നപ്പോള്‍ പൂജാര പൂജന്യനായി പുറത്തായി.

അതെസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ തവണ അര്‍ധ സെഞ്ച്വറി നേടിയ സാക്കിനെ അക്‌സര്‍ ബോള്‍ഡാക്കുകയായിരുന്നു. പിന്നാലെയെത്തിയ ബിസ്‌ട്രോ അടുത്ത പന്ത് എല്‍ബി ഡിആര്‍എസിലൂടെ അതിജീവിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു.

ആദ്യ ഇ്‌നിംഗ്‌സില്‍ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലിന്റെ മികവിലായിരുന്നു ഇന്ത്യ ഇംഗ്ലണ്ടിനെ 112ന് പുറത്താക്കിയത്.

You Might Also Like