സ്‌പാനിഷ്‌ വമ്പന്മാർ വീണ്ടും ഞെട്ടി, രണ്ടാം വിജയം നേടി ഇന്ത്യൻ പട

സ്പെയിനിൽ നടത്തുന്ന പര്യടനത്തിൽ മൂന്നു മത്സരങ്ങളിൽ രണ്ടാം വിജയം നേടി ഇന്ത്യൻ അണ്ടർ 17  ടീം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്പെയിനിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ അത്ലറ്റികോ മാഡ്രിഡിന്റെ അണ്ടർ 16 ടീമിനെതിരെയാണ് ഇന്ത്യൻ കുട്ടികൾ വിജയം നേടിയത്. ഇതു രണ്ടാം തവണയാണ് അത്ലറ്റികോ മാഡ്രിഡ് ഇന്ത്യയോട് തോൽവി വഴങ്ങുന്നത്.

മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനായിരുന്നു മുൻ‌തൂക്കം ഉണ്ടായിരുന്നത്. എന്നാൽ അവരെ ഗോളടിപ്പിക്കാൻ ഇന്ത്യൻ പ്രതിരോധവും ഗോൾകീപ്പറും അനുവദിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ പരിശീലകൻ ബിബിയാനി ഫെർണാണ്ടസ് വരുത്തിയ മാറ്റങ്ങൾ നിർണായകമായി. അതിനു ശേഷം പുതിയൊരു ടീമിനെയാണ് കളിക്കളത്തിൽ കണ്ടത്.

കോറൂ സിങ്ങും ഗാങ്തെയും ചേർന്ന സഖ്യമാണ് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത്. ആദ്യ ഗോൾ ഗാങ്തെ നേടിയപ്പോൾ അതിനു വഴിയൊരുക്കിയത് കോറൂ സിങ് ആയിരുന്നു. അതിനു പിന്നാലെ കോറൂ സിങ് നൽകിയ പാസിൽ മറ്റൊരു ഗോൾ കൂടി ഗാങ്തെക്ക് നേടാമായിരുന്നു. എന്നാൽ താരമത് പാസ് നൽകുകയും അതിൽ നിന്നും ലാൽപെഖ്ലുവ ഗോൾ നേടുകയും ചെയ്‌തു. അത്ലറ്റികോയുടെ ആശ്വാസഗോൾ ടലോൺ ആണ് സ്വന്തമാക്കിയത്.

ജൂണിൽ തായ്‌ലൻഡിൽ വെച്ച് നടക്കുന്ന അണ്ടർ 17 ഏഷ്യൻ കപ്പിന് മുന്നോടിയായാണ് ഇന്ത്യൻ ടീം പര്യടനം നടത്തുന്നത്. അത്ലറ്റികോ മാഡ്രിഡിനെപ്പോലെ സ്പെയിനിലെ മികച്ച അക്കാദമി ടീമിനെതിരെ നേടിയ വിജയം ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മൂന്നു മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ നടന്ന രണ്ടെണ്ണത്തിൽ വിജയം നേടിയ ഇന്ത്യ ലെഗാനസ് അണ്ടർ 18 ടീമിനോട് തോൽവി വഴങ്ങുകയായിരുന്നു.

You Might Also Like