ഇന്ത്യയ്ക്കിന്ന് സര്‍പ്രൈസ് ഓപ്പണര്‍മാര്‍, പന്തിന് സുവര്‍ണ്ണ സ്ഥാനം

ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെക്കപ്പെട്ട അഞ്ചാം ടെസ്റ്റ് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കാനിരിക്കെ നിരവധി മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. കൊവിഡ് മൂലം, നായകന്‍ രോഹിത് ശര്‍മ്മയും, പരിക്കിനെത്തുടര്‍ന്ന് കെ എല്‍ രാഹുലും ഇന്ന് കളിയ്ക്കില്ല.

ഇതോടെ വലം കൈയ്യന്‍ സ്റ്റാര്‍ പേസറായ ജസ്പ്രിത് ബുംറയാണ് ടീമിനെ നയിക്കുന്നത്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ഉപനായകനായും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. പന്തിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ടി20 പരമ്പരയില്‍ നായകനായതിന് പിന്നാലെ ലഭിക്കുന്ന മറ്റൊരു നേട്ടമാണ് ഉപനായക സ്ഥാനം.

രോഹിതിന്റെ അഭാവത്തില്‍ ആരാകും ഇന്ത്യയുടെ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന ഒരു കാര്യം. ഓപ്പണിംഗില്‍ ഒരു വശത്ത് ശുഭ്മാന്‍ ഗില്ലിന്റെ സ്ഥാനം ഉറപ്പാണ്. രോഹിതിന് പകരം ചേതേശ്വര്‍ പുജാരക്ക് ഓപ്പണിംഗിലേക്ക് ഇന്ത്യ സ്ഥാനക്കയറ്റം നല്‍കിയേക്കുമെന്നാണ് സൂചനകള്‍. അടുത്തിടെ കൗണ്ടി ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച താരമാണ് പുജാര.

ചേതേശ്വര്‍ പുജാര ഓപ്പണിംഗിലേക്ക് കയറുന്നതോടെ ഒഴിവ് വരുന്ന മൂന്നാം നമ്പരില്‍ ഹനുമ വിഹാരി കളിക്കാനുള്ള സാധ്യതകള്‍ ഉയര്‍ന്ന് നില്‍ക്കുന്നു. നേരത്തെ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ വിഹാരി ഈ സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പര്‍ ഭരതിനേയും ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചാല്‍ അത്ഭുതപ്പെടാനില്ല.

നാലാം നമ്പരില്‍ വിരാട് കോഹ്ലി കളിക്കുമെന്ന കാര്യവും ഉറപ്പാണ്. അഞ്ചാം നമ്പരില്‍ ശ്രേയസ് അയ്യറും, ആറാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തുമെത്തും.

ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയുടെ സ്ഥാനവും ടീമില്‍ ഉറപ്പാണെന്നാണ് സൂചനകള്‍. ആര്‍ അശ്വിന്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ഒരാള്‍ക്കാകും ടീമിലേക്ക് വിളിവരുക. നായകന്‍ ജസ്പ്രിത് ബുംറ നയിക്കുന്ന ഫാസ്റ്റ് ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും കളിക്കാനാണ് സാധ്യത.

You Might Also Like