അരങ്ങേറാന്‍ ഭാഗ്യമില്ല, ടീമിലെത്തിയ ശേഷം വരുണ്‍ വീണ്ടും പുറത്തേക്ക്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്തേക്ക്. ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് വരുണിന് തിരിച്ചടിയായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 19 അംഗ ഇന്ത്യയുടെ ടി20 ടീമിലാണ് വരുണിനെയും ഉള്‍പ്പെടുത്തിയത്.

പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു. നേരത്തെ ഓസ്‌ട്രേലിയക്കെതിരേയും ടി20 പരമ്പരയില്‍ വരുണ്‍ ടീമിലെത്തിയെങ്കിലും പരിക്ക് കാരണം താരത്തിന് പിന്മാറേണ്ടി വന്നിരുന്നു.

ഇന്ത്യയുടെ പുതിയ ഫിറ്റ്നസ് ചട്ടം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം തിളങ്ങിയതാണ് വരുണിന്റെ കരിയറില്‍ വഴിത്തിരിവായത്.

നിര്‍ഭാഗ്യം വരുണിനെ വീണ്ടും വേട്ടയാടുകയാണ്. ഓസീസ് പര്യടനത്തില്‍ വരുണിന് പകരക്കാരനായി എത്തിയാണ് ടി നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. നിലവില്‍ വരുണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനുവേണ്ടി കളിക്കുന്നില്ല.സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും വരുണിനെ തമിഴ്നാട് ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇത്തവണത്തെ ഐപിഎല്ലിലും വരുണ്‍ കൊല്‍ക്കത്തയുടെ ഭാഗമാണ്. സുനില്‍ നരെയ്നൊപ്പം ടീം മുഖ്യ പരിഗണന നല്‍കുന്ന സ്പിന്നര്‍ വരുണാവും. കുല്‍ദീപ് യാദവിനെ മറികടന്നാണ് വരുണിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രമെ വരുണിന് ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷ വെക്കാനാവു.

അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്ത്തി.

തമിഴ്നാട് പ്രീമിയര്‍ ലീഗിലൂടെ തിളങ്ങിയ വരുണിനെ 2019ലെ ഐപിഎല്ലില്‍ 8.4 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷയ്ക്കൊത്ത് താരത്തിന് തിളങ്ങാനായില്ല. ഒറ്റ സീസണോടെ പഞ്ചാബ് ഒഴിവാക്കിയ വരുണിനെ 2020ലെ ലേലത്തില്‍ നാല് കോടിക്കാണ് കെകെആര്‍ സ്വന്തമാക്കിയത്.

 

You Might Also Like