താരങ്ങളെ വിലക്കിയേക്കാന്‍ ബിസിസിഐയോട് നിര്‍ദേശിച്ച് രോഹിത്ത്, അവര്‍ തിരിച്ചുവന്നതിങ്ങനെ

ഇന്ത്യന്‍ ടീമിനെ ഈ അടുത്ത് പിടിച്ച് കുലുക്കിയ പ്രശങ്ങളിലൊന്നായിരുന്നല്ലോ യുവതാരങ്ങളായ ഇഷാന്‍ കിഷന്റേയും ശ്രേയസ് അയ്യരുടേയും മുങ്ങി നടക്കല്‍. രഞ്ജി ട്രോഫി കളിക്കണമെന്ന ബിസിസിഐയുടെ നിര്‍ദേശം തള്ളിയാണ് ഇരുവരും സ്വന്തം ഇഷ്ടത്തിന് വിശ്രമം എഠുത്തത്.

നേരത്തെ താരങ്ങള്‍ ടീമില്‍ നിന്ന് ഇടവേളയെടുക്കുകയും രഞ്ജി ട്രോഫിയില്‍ കളിക്കാതിരിക്കുകയും ചെയ്യുന്നതിനോട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രോഹിത്തിന്റെ പ്രതികരണം യുവതാരങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. ബിസിസി ഐ നിര്‍ദേശം പാലിക്കാത്ത താരങ്ങളെ വിലക്കിയേക്കാനാണ് നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ബിസിസിഐയോട് പറഞ്ഞത്.

പല ക്രിക്കറ്റ് അസോസിയേഷനുകളും രോഹിത്തിന്റെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തിയതോടെ ഇരുവരും പേടിച്ചുവെന്ന് പറയാം.

‘ഇന്ത്യന്‍ നായകന്റെ വാക്കുകളോട് നൂറു ശതമാനം യോജിക്കുന്നു. രഞ്ജി ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. യുവതാരങ്ങള്‍ക്ക് ടെസ്റ്റ് കളിക്കാനുള്ള ആര്‍ത്തിയുണ്ടാവണം. എന്നാല്‍ പല യുവതാരങ്ങള്‍ക്കും ഇക്കാര്യത്തില്‍ മടിയാണ്. രഞ്ജി ട്രോഫി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണെന്ന് മനസിലാക്കണം’ മധ്യ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഭിലാഷ് പറഞ്ഞു.

ശ്രേയസ് അയ്യരോടും ഇഷാന്‍ കിഷനോടും രഞ്ജി ട്രോഫി കളിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇത് അവഗണിക്കുകയാണ് ചെയ്തത്. ഇതോടെ ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇതില്‍ കടുത്ത നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാത്ത താരങ്ങളുടെ കേന്ദ്ര കരാര്‍ റദ്ദാക്കാനും ബിസിസി ഐ തയ്യാറെടുത്തിരുന്നു. ഇതോടെ ശ്രേയസും ഇഷാനും കുടുങ്ങി. രോഹിത്തിന്റെ നിലപാടും എത്തിയതോടെ രണ്ട് താരങ്ങളും ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറായിരിക്കുകയാണ്.

ഇഷാന്‍ കിഷന്‍ ഡിവൈ പാട്ടീല്‍ പരമ്പരയില്‍ കളിക്കുന്നുണ്ട്. ശ്രേയസ് രഞ്ജി ട്രോഫി സെമിയില്‍ മുംബൈക്കൊപ്പം കളിക്കും.

You Might Also Like