ക്രിക്കറ്റിലെ അമ്പരപ്പിക്കുന്ന ഗൂഢാലോചന പുറത്ത്, ഇതൊക്കെയാണ് ഡ്രെസ്സിംഗ് റൂമില്‍ സംഭവിക്കുന്നത്
പാകിസ്ഥാന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ താരമായിരുന്ന ജാവേദ് മിയാന്‍ദാദിനെ പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താക്കാന്‍ നിലവിലെ പാക് പ്രധാനമന്ത്രിയും ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്ന ഇമ്രാന്‍ ഖാന്‍ ഗൂഢാലോചന നടത്തിയെന്ന് മുന്‍ ദേശീയ താരം ബാസിത് അലി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാസിത്ത് അലിയുടെ വിവാദ വെളിപ്പെടുത്തല്‍.
’93ല്‍ ജാവേദ് മിയാന്‍ദാദിനെ പാകിസ്ഥാന്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢാലോചന നടന്നിരുന്നു. അതുകൊണ്ടാണ് എന്നെ അദ്ദേഹവുമായി താരതമ്യപ്പെടുത്താന്‍ ആരംഭിച്ചത്. സത്യത്തില്‍ മിയാന്‍ദാദിന്റെ ഒരു ശതമാനം പോലും കഴിവുള്ള ആളല്ല ഞാന്‍. സാധാരണ ഗതിയില്‍ നാലാം നമ്പറിലാണ് ഞാന്‍ ബാറ്റു ചെയ്യാറുള്ളത്. എന്നാല്‍ മിയാന്‍ദാദിനെ ടീമില്‍ നിന്ന് പുറത്താക്കിയതോടെ എന്നെ ആറാം നമ്പറിലേക്ക് മാറ്റി. നാലാം നമ്പറില്‍ ഏതാണ്ട് 55നു മുകളില്‍ ശരാശരിയുണ്ടായിരുന്നു എനിക്ക്. ആറാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ എന്റെ പ്രകടനവും മോശമായി. ആ സ്ഥാനത്ത് വല്ലപ്പോഴും മാത്രമേ ബാറ്റ് ചെയ്യാന്‍ എനിക്ക് അവസരം കിട്ടുകയുള്ളൂ എന്ന് അവര്‍ക്ക് അറിയാമായിരുന്നു’ ബാസിത്ത് അലി പറയുന്നു
‘വസീം അക്രമായിരുന്നു അന്നത്തെ ക്യാപ്റ്റന്‍. പക്ഷേ, മിയാന്‍ദാദിനെ പുറത്താക്കിയതിനു പിന്നില്‍ ഇമ്രാന്‍ ഖാന്‍ ആയിരുന്നു. അദ്ദേഹമാണ് അക്രത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത്’- ബാസിത്ത് അലി വെളിപ്പെടുത്തി.
96ലെ ലോകകപ്പ് ടീമില്‍ മിയാന്‍ദാദ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം താന്‍ മാറിക്കൊടുക്കുകയായിരുന്നു എന്നും ബാസിത്ത് അലി കൂട്ടിച്ചേര്‍ത്തു. 15 അംഗ ടീമില്‍ താന്‍ ഉണ്ടായിരുന്നു. മിയാന്‍ദാദിന് പക്ഷേ, അവസരം ലഭിച്ചില്ല. ആരെങ്കിലും മാറിക്കൊടുക്കണമെന്നും ലോകകപ്പില്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തിയ മിയാന്‍ദാദിനു വേണ്ടി താന്‍ ലോകകപ്പ് ടീം സ്ഥാനം ത്യജിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ ലോകകപ്പില്‍ കളിക്കുന്ന താരമാകുകയായിരുന്നു മിയാന്‍ദാദിന്റെ ലക്ഷ്യമെന്നും ബാസിത്ത് പറഞ്ഞു.